Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

മലയാള മഹിമ ഉയര്‍ത്തിയ മഹാനുഭാവന് വിട

മലയാളികള്‍ നെഞ്ചിലേറ്റിയ  ഓ എന്‍ വി  എന്ന മഹാകവി അനശ്വരതയിലേക്ക് മറയുമ്പോള്‍  മലയാള സാഹിത്യത്തിന്‍റെ മറ്റൊരു ഘട്ടമാണ് അവസാനിക്കുന്നത്. ആറു പതിറ്റാണ്ട് നീണ്ടു നിന്ന തന്‍റെ സാഹിത്യ സപര്യയിലൂടെ  മലയാള ഭാഷയെ  കാവ്യ സംമ്പുഷ്ഠമാക്കിയ  ഒറ്റപ്ലായ്ക്ക്ല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ്  എന്ന ഒ എന്‍ വി കുറുപ്പ് എന്നും ജനപക്ഷത്ത് നിന്നുകൊണ്ടാണ് തന്റെ തൂലിക ചലിപ്പിച്ചിരുന്ന്ത്.  ഇടതുപക്ഷ സഹയാത്രികനായിരുന്ന  ഓ എന്‍ വി  എന്നും  നിരാലംബരുടെയും   അവഗണിക്കപ്പെട്ടവരുടെയും ഭാഗത്ത് നിന്നാണ് സംസാരിച്ചത് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ത്തു . ഭാഷയാണ് ഒരാളുടെ സ്വത്വം എന്ന് എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന കവി  മലയാളഭാഷയുടെ കാവലാളായി  നിലകൊണ്ടു . പ്രകൃതിയില്ലെങ്കില്‍ ജീവനില്ല എന്നതിരിച്ചറിവ് ഉണ്ടാകണമെന്ന് നിരന്തരം പറഞ്ഞിരുന്ന   ഒ എന്‍ വി കുറുപ്പ്  തന്‍റെ ജീവിതത്തില്‍ ഉടനീളം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പ്രതിഭാശാലിയായ  കവിയെന്നതിനു പുറമേ ഒരു ഉത്തമ അദ്ധ്യാപകന്‍ ,പരിസ്ഥിതി പ്രവര്‍ത്തകന്‍ , പ്രഭാഷകന്‍ , നാടക, സിനിമാഗാന രചയിതാവ് എന്നിങ്ങനെ ബഹുമുഖമുള്ളതയിരുന്നു ഒ എന്‍ വി യുടെ പ്രവര്‍ത്തന മേഖല . ആരേയെങ്കിലും  സുഖിപ്പിക്കാനോ ,പ്രീതിപ്പെടുത്താനോവേണ്ടി ഒരിക്കലും  ശ്രമിച്ചിട്ടില്ലാത്ത  ഒ എന്‍ വി   തന്‍റെ നിലപാടുകള്‍ എന്നും തുറന്നുപ്രകടിപ്പിച്ചിരുന്നു അതുകൊണ്ടുതന്നെയാണ്  കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മലയാളികള്‍ ഒ എന്‍ വി യെ ഇഷ്ടപ്പെട്ടത് .  

അറുപത് വര്‍ഷം നീണ്ടു നിന്ന തന്‍റെ സാഹിത്യ ജീവിതത്തില്‍ മുപ്പതിലധികം കവ്യസമാഹാരങ്ങാളാണ് ഒ എന്‍ വി രചിച്ചത് . 1949 ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യമാണ് ആദ്യ സമാഹാരം .ഭൂമിക്കൊരു ചരമഗീതം, ശാര്ങ്ങഗപക്ഷികള്‍, ഉജ്ജ്വയനി തുടങ്ങിയവയാണ് പ്രധാനകൃതികള്‍ .നാടകങ്ങളിലും സിനിമയിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ഒ എന്‍ വി അവസാന നാളുകള്‍ വരെ രചനയില്‍  സജീവമായിരുന്നു . മലയാള നാടക ചരിത്രം പരിശോധിച്ചാല്‍  നാടക ഗാന രചനയില്‍ ഇത്ര ജനകീയനായ മറ്റൊരാളെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. മലയാളികള്‍ എന്നും മൂളുന്ന  എത്രയെത്ര ഗാനങ്ങളാണ് ഈ തൂലികയില്‍ നിന്ന്  ഉതിര്‍ന്നു വീണത് .പരമോന്നത സാഹിത്യപുരസ്ക്കാരമായ ജ്ഞാനപീഠത്തിനു പുറമേ  പത്മശ്രീ , പത്മഭൂഷന്‍ എന്നിവ  നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചുവെന്നതില്‍ നമുക്ക് അഭിമാനിക്കാം  . 

മലയാളഭാഷക്കും സാഹിത്യത്തിനും  വേണ്ടുവോളം നിധികുംഭങ്ങള്‍ നല്‍കി  എണ്‍പത്തിനാലാം വയസ്സില്‍  ഒ എന്‍ വി എന്ന പ്രതിഭാസം വിടവാങ്ങുമ്പോള്‍ മലയാള സാഹിത്യത്തിന്‍റെ മറ്റൊരു ഏട് കൂടി അവസാനിക്കുകയാണ്  

മലയാളത്തിന്‍റെ മഹിമ വാനോളമുയര്‍ത്തിയ മഹാനുഭാവ അങ്ങേയ്ക്ക്  നമോവാകം .............

 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications