Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ഡോ: ജി ജി ഗാന്ധിയൻ ആദർശങ്ങളുടെ ആൾരൂപം

ദിവാകരൻ പെരിയ

മനസ്സുനിറയെ ഗാന്ധിയൻ ആശയങ്ങളുമായി നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് ഓടുകയാണ് ഡോ: ജി ജി പരീഖ്. സ്വാതന്ത്ര്യ സമര സേനാനിയും, തികഞ്ഞ ഗാന്ധിയനും ഉറച്ച സോഷ്യലിസ്റ്റുമായ ഗുണവന്ത് റായ് ഗണപത് ലാൽ പരീഖ് എന്ന ഡോ ജി ജി തൊണ്ണൂറ്റി നാലാം വയസ്സിലും തന്റെ കർമ്മപഥത്തിൽ സജീവമാണ്. ഗ്രാമങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനമെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും സോഷ്യലിസ്റ്റ് സഹയാത്രികരോടൊപ്പം ചേർന്ന് 1961 ൽ ഗ്രാമീണ വികസന പദ്ധതിയുടെ ഒരു പരീക്ഷണശാല പോലെ രൂപം നൽകിയ യൂസഫ് മെഹറലി സെൻറർ 57 വർഷം പിന്നിടുമ്പോൾ ലോകത്തിലെ തന്നെ അറിയപ്പെടുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് സെന്ററായി ഉയർന്നതിനു പിന്നിൽ ജി ജി പരീഖ് എന്ന ഡോക്ടറുടെ ദൃഢനിശ്ചയവും ദീർഘവീക്ഷണവുമാണ്. മുംബയിൽ നിന്ന് 64 കിലോമീറ്റർ അകലെ റായ്ഗഢ് ജില്ലയിലെ ആദിവാസി ഗ്രാമമായ താരയിൽ 14 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന യൂസഫ് സെന്റർ ദരിദ്രരും പിന്നോക്ക വിഭാഗത്തിൽപ്പെടുന്നതുമായ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇന്ന് അത്താണിയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്വയം പര്യാപ്തമായ ഒരു ഗ്രാമം എങ്ങനെ മുതൽക്കൂട്ടാവുന്നു എന്ന് കാണിച്ചു കൊടുക്കുകയാണ് ഇവിടെ ഡോ: ജി ജി.
സോഷ്യലിസ്റ്റ് ചിന്തകളും ,മനുഷ്യ സ്നേഹവും ഒത്തിണങ്ങിയ അസാധാരണ വ്യക്തിത്വമാണ് ജി ജിയുടേത്. പറയുന്നതിനേക്കാൾ പ്രവർത്തിച്ച് കാണിച്ചു കൊടുക്കുക എന്ന തത്വമാണ് ജീവിതത്തിലുടനീളം ഇദ്ദേഹം പിന്തുടർന്നിരുന്നത്. പ്രായാധിക്യം മറന്ന് മുംബയ് ഗ്രാന്റ് റോഡിലുള്ള വസതിയിൽ നിന്ന് ആഴ്ചതോറും 64കിലോമീറ്റർ അകലെയുള്ള യൂസഫ് മെഹറലി സെന്ററിലേക്ക് ജി ജി യാത്ര ചെയ്യുന്നു. നഗരത്തിലാണ് താമസമെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം എപ്പോഴും ഗ്രാമത്തിലാണ്. താരയിലെ ആദിവാസി ഭവനങ്ങളിലെല്ലാം ഇന്ന് ബിരുദധാരികളും എഞ്ചിനിയർമാർ അടക്കമുള്ള പ്രൊഫഷണലുകളും ഉണ്ടെങ്കിൽ അതിന് കാരണം ജി ജി യുടെ നേതൃത്വത്തിലുള്ള യൂസഫ് മെഹറലി സെന്ററാണ്. സ്കൂൾ, ആശുപത്രി, എണ്ണ ഉൽപ്പാദന യൂനിറ്റ്, സോപ്പ് നിർമ്മാണ യൂനിറ്റ്, ഖാദി വസ്ത്ര നിർമ്മാണ യൂനിറ്റ്, പോട്ടറി യൂനിറ്റ് , ഡയറി ഫാം, കരകൗശല നിർമ്മാണം , ജൈവകൃഷി ,എന്നിങ്ങനെ ഗ്രാമീണരെ സ്വയംപര്യാപ്തമാക്കാനുള്ള വിവിധ പദ്ധതികളാണ് ഡോ: ജി ജി യൂസഫ് മെഹറലി സെന്ററിൽ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത് . 1950ൽ മുംബയിൽ ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച ഇദ്ദേഹം ഇന്നും ഗ്രാന്റ് റോഡിലെ തന്റെ ക്ലിനിക്കിൽ മുടങ്ങാതെ രോഗികളെ പരിശോധിക്കുന്നു. മെഡിക്കൽ ബിരുദങ്ങൾ പണം സമ്പാദനത്തിനായുള്ള മാർഗ്ഗമായി മാറിയ കാലത്ത് ഒരു ഡോക്ടർ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ഈ ഭിക്ഷംഗ്വരൻ .
1924ൽ സിസംബർ 30 ന് സ്വരാഷ്ട്രയിലായിരുന്നു ജി ജി യുടെ ജനനം . രാജസ്ഥാൻ, യു പി, മുംബയ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം മുംബയിലെ ജി എസ് മെഡിക്കൽ കോളേജിൽ നിന്ന് ഉന്നത ശ്രേണിയിൽ വൈദ്യശാസ്ത്ര ബിരുദം . പതിനേഴാം വയസ്സിൽ മുംബയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടനാകുന്നത് .ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ജി ജി വർളിയിലെ താൽക്കാലിക ജയിലിൽ പത്ത് മാസവും താന ജയിലിൽ ഒരു മാസവും തടവനുഭവിച്ചു. 1946ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ വിദ്യാർത്ഥി കോൺഗ്രസ്സിന്റെ മുംബയ് യൂണിറ്റ് പ്രസിഡണ്ടായിരുന്നു ജി ജി .കോൺഗ്രസ്സിലെ സോഷ്യലിസ്റ്റുകൾ പാർട്ടി വിടാൻ തീരുമാനിച്ചപ്പോൾ ജി ജി യും കോൺഗ്രസ്സ് വിട്ടു .പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ( എസ് എസ് പി ) ,പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി എസ് പി ) എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായി .സോഷ്യലിസ്റ്റ് പാർട്ടികൾ ലയിച്ചുണ്ടായ ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലും പ്രവർത്തിച്ച ജി ജി ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയർച്ചതാഴ്ച്ചകൾ നേരിട്ട് കണ്ടറിഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് ജോർജ്ജ് ഫെർണാണ്ടസിനോടൊപ്പം അറസ്റ്റിലായി പത്തു മാസത്തോളം യർവാഡ ജയിലിലും തിഹാർ ജയിലിലുമായി കഴിയേണ്ടിവന്നു. വിവാദമായ ബറോഡ ഡൈനാമിറ്റ് കേസ്സിൽ ജോർജ്ജ് ഫെർണാണ്ടസിനൊപ്പം ജി ജി യേയും പ്രതിയാക്കുകയായിരുന്നു. ജി ജി യുടെ പത്നി മംഗൾ പരീഖും മകൾ സോണാലും ഇക്കാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയേണ്ടിവന്നു.
ഗാന്ധിജി, ആചാര്യ ദവെ , അച്യുത് പട് വർദ്ധൻ. ജയപ്രകാശ് നാരായൺ, യൂസഫ് മെഹറലി എന്നിവരുടെ പ്രവർത്തന രീതിയാണ് തന്നിലെ സോഷ്യലിസ്റ്റുകാരനെ രൂപപ്പെടുത്തിയതെന്ന് ജി ജി പരീഖ് പറയുന്നു. അശോക് മേത്ത റാം മനോഹർ ലോഹ്യ, നാനാ സഹേബ് ഗോരെ ,മധു ദന്തവതെ, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം പ്രവർത്തിച്ചുവെങ്കിലും ജി.ജി അധികാര രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ലോകസഭയിലേക്കും, രാജ്യസഭയിലേക്കും, നിയമസഭയിലേക്കും മത്സരിക്കാ പല തവണ നിർബ്ബന്ധമുണ്ടായെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. 1946ൽ ജയപ്രകാശ് നാരായണിന്റേയും, അച്യുത് പട് വർദ്ധന്റെയും നേതൃത്വത്തിൽ മുംബയിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ഓഫീസിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ജനതാ മാസികയുടെ പ്രവർത്തനം പിൽക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് ജി ജി യാണ് . 1952 ലെ പൊതു തെരഞ്ഞെടുപ്പോടെ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേന്ദ്ര ഓഫീസ് മുംബയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയെങ്കിലും ജനതയുടെ പ്രസിദ്ധീകരണം മുംബയിൽ തന്നെയായിരുന്നു അന്നു മുതൽ ജനതയുടെ പത്രാധിപരാണ് ജി ജി. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ ചർച്ചയാക്കിയിരുന്ന ജനതയിലൂടെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ഒരു പാട് എഴുത്തുകാരെ വളർത്തിക്കൊണ്ടുവരാൻ ജി ജിക്ക് കഴിഞ്ഞു.
വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് ഡോ: ജി ജി .സദാ ഖാദി വസ്ത്രമണിഞ്ഞ് പ്രസന്നഭാവത്തോടെ മാത്രമെ നമുക്ക് ജി ജി യെ കാണാൻ കഴിയൂ. മകൾ സോണാൽ കുടുംബത്തോടൊപ്പം തൊട്ടടുത്ത് താമസിക്കുന്നുണ്ടെങ്കിലും ഭാര്യ മംഗൾ പരീഖ് മരണമടഞ്ഞതോടെ ഗ്രാന്റ് റോഡിലെ ഗണേഷ് പ്രസാദിൽ ജി ജി തനിച്ചാണ്. ഒറ്റക്കാണ് താമസമെങ്കിലും ഏകാന്തത അനുഭവിക്കാൻ ജി ജി ക്ക് നേരമില്ല ക്ലിനിക്കിലെ രോഗികളും താരയിലെ ആദിവാസികളുമായി ഈ പ്രായത്തിലും ഡോക്ടർ തിരക്കിലാണ്. ഡോ ജി ജി യുമായി സംസാരിച്ചിരിക്കുന്നത് ഒരു അനുഭവമാണ് .പുതിയ ആശയങ്ങളും ചിന്തകളും മറ്റുള്ളവരിലേക്ക് പകർന്ന് നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. ജി ജി യോടൊപ്പം ചെലവഴിക്കുന്ന സമയമത്രയും സമഭാവനയുടേയും, സഹവർത്തിത്വത്തിന്റെയും അദ്ധ്യയനമായിട്ടാണ് തോന്നുന്നതെന്ന് യൂസഫ് മെഹറലി സെന്ററിന്റെ ഭാരവാഹിയും മലയാളിയുമായ ചന്ദ്രമോഹൻ നായർ പറയുന്നതും ഇതുകൊണ്ടാണ്.
മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തിന്റെ വക്താവായ ഡോ ജി ജി രാജ്യത്ത് ഇന്ന് നടക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിൽ ഏറെ ദുഃഖിതനാണ് .ഗാന്ധിയൻ ചിന്തകൾക്കും സോഷ്യലിസത്തിനും പുതുജീവൻ നൽകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജി ജി ഉറച്ച് വിശ്വസിക്കുന്നു. " സ്വാതന്ത്ര്യ സമരത്തിൽ ദേശ സ്നേഹികളായ നൂറുകണക്കിന് മുസ്ലിം സഹോദരങ്ങൾ അണിചേർന്നിരുന്നു എന്നാൽ പിൽക്കാലത്ത് അവർക്ക് വേണ്ടത്ര പരിഗണന ലഭിച്ചുവോ എന്ന് സംശയമാണ് , താരയിലെ സാമൂഹ്യ വികസന കേന്ദ്രത്തിന് മുംബയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്ന യൂസഫ മെഹറലിയുടെ പേര് നൽകിയത് സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന മുസ്ലിം സഹോദരങ്ങളോടുള്ള ആദരവായാണ് " മനസ്സു നിറയെ സ്വാതന്ത്ര്യ സമരകാലത്തെ തീഷ്ണമായ അനുഭവങ്ങളുമായി ജീവിക്കുന്ന ജി ജി വെളിപ്പെടുത്തുന്നു. സമകാലീകരായ പലരും കാലയവനികക്കുള്ളിൽ മറഞ്ഞുവെങ്കിലും പുതിയ പുതിയ ദൗത്യങ്ങളുമായി പഴയ തലമുറയ്ക്കും ഭാവിതലമുറയ്ക്കും ഇടയിലെ ഒരു പാലം പോലെ ഡോ :ജി ജി പരീഖ് ഇന്നും കർമ്മനിരതനായി നമുക്കൊപ്പമുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications