Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കാളരാത്രി

ആര്‍ കെ മാരൂര്‍

പാതിരയായെന്നു തോന്നുന്നു .മുറ്റത്ത് ആള്‍പ്പെരുമാറ്റം കേള്‍ക്കുന്നു.ഒരു പട്ടിയെ വളര്‍ത്തണമെന്ന്  എത്രയോ കാലമായി വിചാരിക്കുന്നു. മഴയത്തും വെയിലത്തും  തണുപ്പത്തും  എവിടെയെല്ലാം പട്ടി പെറ്റു കിടക്കുന്നതു കാണാറുണ്ട്.ഒരു ആണ്‍ പട്ടിക്കുട്ടിയെ നോക്കി എടുത്തുകൊണ്ടുപോരണമെന്ന് അപ്പോഴൊക്കെ തോന്നും. പിന്നെ വിചാരിക്കും ഹോ ഈ പാവങ്ങളുടെ വീട്ടില്‍ നിന്ന് കള്ളനു കട്ടുകൊണ്ടുപോകാന്‍ എന്താണുള്ളതെന്ന്. ജാരനെ പേടിച്ചിട്ടാണെങ്കില്‍ ഭാര്യ മരിച്ചിട്ട് കാലം കുറേയാവുന്നു. പിന്നെ പേടിക്കേണ്ടവിധം പെണ്ണും പെടക്കോഴിയൊന്നും വീട്ടില്‍ ഇല്ലതാനും.ഒറ്റക്കുള്ള ജീവിതത്തില്‍ ആകെയുള്ള കൂട്ട് ഒരു കറവ പശുവും അതിന്‍റെ കിടാവുമാണ്. അതിന് സ്വയം നോക്കാനുള്ള തന്‍റെടമൊക്കെയുണ്ട്.അങ്ങിനെ നോക്കുമ്പോള്‍ ഒരു പട്ടിയുടെ ആവശ്യം ഇല്ലെന്നു തന്നെ പറയാം.
അയല്‍ വീടുകളിലെ പട്ടികളുടെ കുരയാണല്ലോ ഇപ്പോള്‍ കേള്‍ക്കുന്നത് ,ഇനി വല്ല കള്ളനോ മറ്റോ. അതോ പിശാചോ . പട്ടികള്‍ കുരക്കുകയല്ല മോങ്ങുകയാണല്ലോ  പ്രേത പിശാചുക്കളെ കാണുമ്പോഴാവുമല്ലോ മിണ്ടാപ്രാണികള്‍ വിറളി പിടിക്കുക.
ങേ.....?!!
പശു വല്ലാതെ അമറുന്നുണ്ടല്ലോ . പശുവിനെ മോട്ടിക്കാനായി ഇനി വല്ല കള്ളനും..? പശു കയറു പൊട്ടിക്കാന്‍ ശ്രമിക്കുകയാണല്ലോ . വിളക്കിട്ടാലോ അത് വേണോ . കള്ളനെങ്ങാനും മേലേക്ക് ചാടി വീണാലോ ... പാലപ്പൂവിന്‍റെ മണം. കാറ്റിന്‍റെ ഹുങ്കാരം. പതിഞ്ഞ കാല്‍പ്പെരുമാറ്റം .മരങ്ങള്‍ കുലുങ്ങുന്നു. അതോ തോന്നലോ മരപ്പട്ടിയാണോ എന്നറിയില്ല  തട്ടും പുറത്ത് വല്ലാത്തൊരു തട്ടലും മുട്ടലും മേളവും. ലൈറ്റിട്ടാലോ. കൂട്ടച്ചിരിപോലുള്ള ഈ ശബ്ദം എവിടെനിന്നുമാണ് വരുന്നത്. ഒരു കള്ളനല്ല പല കള്ളന്മാര്‍ ആയിരിക്കുമോ ഉള്ളില്‍ കടന്നിരിക്കുക . അഥവാ കള്ളനല്ല പിശാചാണെങ്കില്‍ ഇങ്ങനെ ചിരിക്കുമോ.മുഖം അടി കിട്ടിയമാതിരി ഒന്നു തിണര്‍ത്തു.പേടിയുടെ കുളിരും തണുപ്പും. അതോ വെറുതെ തോന്നുന്നതോ കുളിരാന്‍ മാത്രം തണുപ്പ് കാലം ഒന്നുമല്ലല്ലോ .ഏകാന്തതയുടെ തടവിലുള്ള ഈ വിരസ ജീവിതം മടുത്തുവെന്ന് പറയുന്നതാകും ശരി.
കാറ്റിന്‍റെ ചിന്നം വിളി .ആപല്‍ ശങ്കയില്‍ വിറയ്ക്കുന്ന ദേഹം .അദൃശ്യമായി എന്തോ ഒന്ന് കൊല്ലാന്‍ വരുന്നത് പോലെ. ലക്ഷണപ്രകാരം ശനിയാണ് ദശ . സൂക്ഷിക്കണം പേടിച്ചെ പറ്റൂ എന്ന് ജോത്സ്യന്‍ പറഞ്ഞതാണ് .തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം തുടലില്‍ കിടക്കുന്ന ഒരു മൃഗത്തെപ്പോലെ പേടി കുതിച്ച് ചാടുകയാണ് .സംസാരിക്കാന്‍ കഴിയാത്ത വിധം നെഞ്ചില്‍ അത് പിടുത്തമിട്ടു.
നാശം
ഒരു നല്ല അടിവെച്ചു കൊടുത്താലോ ശവത്തിന്.
വാക്കത്തിയെവിടെ..?
കിട്ടിയപാടെ വെട്ടിനുറുക്കിയെങ്കിലെ ശരിയാവൂ
യ്യോ...
ഇതാരുടെ മുറവിളിയാണ് .പശുവിന്‍റെതാണെന്ന് തോന്നുന്നല്ലോ.കിടാവ് കയറില്‍ കിടന്ന് മുരളുന്ന ഒച്ച.
ന്‍റെമ്മോ ....
ഇരുട്ടിന്‍റെ ആക്രമണം പേടിച്ച്  കതക് തുറക്കാനും വയ്യല്ലോ .ഇരുട്ടില്‍ നിന്ന് അനേകം കണ്ണുകള്‍ തന്നെ തുറിച്ചു നോക്കുന്നതായി തോന്നല്‍. ചത്തുപോയ ഭാര്യയുടെ പ്രേതം പ്രതികാരത്തിനു വന്നതാവുമോ .ധൈര്യം ആകെ ചോര്‍ന്നു പോയി .ആകാശത്തെ കിടിലം കൊള്ളിച്ച് കനത്ത ഒരിടി മുഴങ്ങി കറണ്ട് പോയി .കല്ലുകള്‍ വലിച്ച് വാരിയെറിയുംപോലെ രൂക്ഷമായ മഴച്ചാറ്റല്‍ .
എല്ലാം തുലഞ്ഞത് തന്നെ. ഇനി രക്ഷയില്ല. ഒരു അശരണയുടെ കരച്ചില്‍ പോലെയാണ് പശു അമറുന്നത്. കിടാവാണെങ്കില്‍ വെട്ടിക്കൊല്ലുന്നതുപോലെ നിലവിളിക്കുന്നു. മരച്ചില്ലകള്‍ അനങ്ങുന്നു .തൊണ്ട ഉണങ്ങി. കാഴ്ച മങ്ങുന്നുവോ, നാഡികള്‍ തളരുന്നുവോ .ഒരു കണ്ണാടിയുണ്ടായിരുന്നുവെങ്കില്‍ മുഖത്തിന്‍റെ ഭാവപ്പകര്‍ച്ചകള്‍ തിരിച്ചറിയാമായിരുന്നു. ഇനി സമയം പാഴാക്കരുത്  ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ കുഴപ്പമാകും .
ദൂരെ ആര്‍ത്തിരുമ്പുന്ന സമുദ്രം.തിരകള്‍ പാറക്കെട്ടില്‍ ആഞ്ഞടിക്കുന്നു. വീണ്ടും കാളരാത്രിയുടെ കറുത്ത ചിറകുകള്‍.
അനര്‍ത്ഥം ഒന്നും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെയാണ് വാതില്‍ തുറന്നത്. മുറ്റത്ത് മുക്രയിട്ടുകൊണ്ട് മലപോലെ  അടുത്ത വീട്ടിലെ ശങ്കരന്‍റെ കറുത്ത വിത്തുകാള  രാമു.
 അവനെ തൊട്ടുരുമ്മി  കയറും പൊട്ടിച്ച് തൊഴുത്തില്‍ നിന്നും  ഇറങ്ങി വന്ന അവള്‍ .
എന്‍റെ പാര്‍വ്വതി പശു.
അവരെ രണ്ടിനേയും നോക്കി  ഇളിച്ചു കൊണ്ട്  കുമ്പന്‍ ഒരു വടുകനെ പോലെ നില്‍ക്കുന്നു.
മൂവരും പഞ്ചായത്ത് പറഞ്ഞ് രസിക്കുകയാണ് .
ഫ ...നാറി.
പുളിച്ച ഒരു തെറിയോടെ  പടക്കം പൊട്ടും വിധം ഒരു ആട്ടാട്ടാന്‍  നാവു വളച്ചതും അവന്‍ വാലും പൊക്കി ഒരോട്ടം വച്ചുകൊടുത്തു.
അവള്‍ പിന്നാലെ .
ഒരു ഇളിഭ്യച്ചിരിയോടെ  കുമ്പന്‍ മുറ്റത്ത് ബാക്കിയായി.
തീര്‍ന്നല്ലോ കഥ.
ഏഭ്യന്‍ .
 

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications