Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കഥാവശേഷന്‍

എസ് ഗോവിന്ദന്‍ രാവണീശ്വരം

'പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ കുറവായിരുന്നു. എങ്കിലും പരിചയക്കാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വെളിച്ചം കുറഞ്ഞ ഒരിടത്തേക്ക് വിമല മാറിനിന്നു. വടക്കോട്ടേക്കുള്ള വണ്ടി ഇനിയും പതിനഞ്ച് മിനിട്ട് താമസിച്ചേ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരുകയുള്ളു എന്ന അറിയിപ്പില്‍ അവള്‍ക്ക് അരിശം വന്നു. ഇതിനിടയിലെങ്ങാനും വീട്ടുകാര്‍ അവളെത്തിരിക്കി തീവണ്ടിയാപ്പീസിലുമെത്തിയേക്കുമോ എന്ന ആധിയില്‍ അവള്‍ അസ്വസ്ഥയായി.

മഞ്ഞുകാലം തുടങ്ങിയെന്ന് തോന്നുന്നു. കാറ്റില്‍ പതിവിലും കവിഞ്ഞ തണുപ്പുണ്ട്. യാത്രക്കാരില്‍ ചിലര്‍ ചെവിമൂടുന്ന കമ്പിളിത്തൊപ്പിയും തടിച്ച മേല്‍ക്കുപ്പായങ്ങളും ധരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്കാകട്ടെ അത്തരം മുന്‍കരുതലുകളൊന്നും ഉണ്ടായിരുന്നില്ല. അവള്‍ക്കതൊന്നുമറിയില്ലായിരുന്നു. അവള്‍ യാത്രപോകാനിരിക്കുന്ന ഉത്തരേന്ത്യന്‍ നഗരത്തില്‍ ഇപ്പോള്‍ കൊടും ശൈത്യമായിരിക്കുമെന്നോ യാത്ര പുറപ്പെടുമ്പോള്‍ അതിനുള്ള കരുതലുകള്‍ വേണമെന്നോ അനന്തേട്ടന്‍ എഴുതിയിരുന്നില്ല. എഴുതിയിരുന്നെങ്കില്‍ തന്നെയും അതിനൊന്നും അവള്‍ക്ക് സാവകാശം ഉണ്ടായിരുന്നില്ലല്ലോ.

അനന്തേട്ടന്റെ ചങ്ങാതി ടൈലര്‍ കുമാരേട്ടന്‍ ഇന്നലെ വൈകുന്നേരമാണ് വിമലയ്ക്കുള്ള അനന്തന്റെ കത്ത് കൊടുത്തത്. അതില്‍ ഇത്രയേ ഉണ്ടായിരുന്നുള്ളു.

''എന്റെ വിമലയ്ക്ക്,

ഞാന്‍ ഡല്‍ഹിയിലെത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു. കാര്യമായ ഒരു ജോലിയും ശരിയാകാത്തതുകൊണ്ടാണ് ഇതേവരെ നിനക്ക് എഴുതാതിരുന്നത്. മാസ ശമ്പളം എഴുന്നൂറ് രൂപയ്ക്ക്, ഇപ്പോള്‍ ഒരു പഠാണിയുടെ പ്രസ്സില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. ചെറിയ സൗകര്യത്തില്‍ താമസിക്കാനൊരിടവും അയാള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എല്ലാം ഞാന്‍ കുമാരന് എഴുതിയിട്ടുണ്ട്. വേണ്ട എല്ലാ ഏര്‍പ്പാടുകളും അവന്‍ ചെയ്തു തരും. പുറത്ത് ഒരു കുഞ്ഞ് പോലും അറിയരുത്. രണ്ട് രാത്രിയും ഒരു പകലിന്റെ പകുതിയും കഴിഞ്ഞ് വണ്ടി ഡല്‍ഹിലെത്തുമ്പോള്‍ ഞാനിവിടെ കാത്തിരിക്കുന്നുണ്ടാകും ബാക്കിയെല്ലാം നേരില്‍.

നിന്റെ മാത്രം അനന്തേട്ടന്‍'

*********

നൂറമത്തേതോ അഞ്ഞുറാമത്തേതോ തവണയെന്ന് നിശ്ചയമില്ല, കെ.സി.വടക്കുമ്പാട് എന്ന കഥാകൃത്ത് അത്രയും വായിച്ചതിനുശേഷം ചുട്ടുപൊള്ളുന്ന ഒരു നെടുവീര്‍പ്പയച്ച് തന്റെ കസേരയിലേക്ക് ചാഞ്ഞു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ലാന്‍ഡ് ട്രിബ്യൂണലില്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലിചെയ്യുന്ന കാലത്ത് എഴുതിത്തുടങ്ങി പകുതിക്ക് വെച്ചു നിന്നുപോയ കഥയുടെ ആദ്യഭാഗമാണിത്. എന്തു ചെയ്യാം, ഇക്കാലത്തിനിടയില്‍, എത്രയോ തവണ ശ്രമിച്ചിട്ടും ആ കഥ പൂര്‍ത്തിയാക്കാനുള്ള സ്വസ്ഥതയോ, മനസമാധാനമോ കിട്ടാതെ പകുതിയില്‍ തന്നെ ആ കഥ അങ്ങിനെതറഞ്ഞു നിന്നുപോയി.

കെ.സി. വടക്കുമ്പാട് എന്ന് കഥാകൃത്ത് ഔദ്യോഗിക ജീവിതത്തില്‍ ഇപ്പോള്‍ ഒരു തഹസില്‍ദാരാണ്. ഒരു താലൂക്കിന്റെ മുഴുവന്‍ ഭരണചുമതലയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്. ഇന്ന് വൈകുന്നേരത്തെ കണ്ണൂര്‍ എക്‌സ്പ്രസ്സിന് അദ്ദേഹം എറണാകുളത്ത് പോകാനുള്ള തയ്യെറെടുപ്പിലാണ്. ചിത്താരിക്കടപ്പുറത്തെ ഒരു റിസോര്‍ട്ടുടമ കടല്‍പ്പുറമ്പോക്ക് കയ്യേറി പഞ്ചനക്ഷത്ര ഹോട്ടല്‍ പണിതത് സംബന്ധിച്ച പ്രമാദമായ ഒരു കേസില്‍ നാളെ രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട ഫയല്‍ സഹിതം ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ മുമ്പാകെ അദ്ദേഹത്തിന് ഹാജരാകേണ്ടതുണ്ട്. പതിവുപോലെ ഡയറിയില്‍ തന്റെ അപൂര്‍ണ്ണമായ ആ കഥ കൂടി അദ്ദേഹം എടുത്തുവെച്ചു. താലൂക്കാഫീസിലെ ബഹളമോ തിടുക്കങ്ങളോ ഒന്നുമില്ലാത്ത രണ്ട് മൂന്ന് ദിവസങ്ങള്‍. അതിനിടയില്‍ ഒരു പക്ഷെ ആ കഥ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് പതിവു പ്രത്യാശയോടെ തന്നെ.

മലയാള കഥാസാഹിത്യത്തിന്റെ പുതിയ ഭാവുകത്വത്തെക്കുറിച്ചും തിളച്ചുമറിയുന്ന ആധുനിക ജീവിതത്തിന്റെ ഘടനാരാഹിത്യം അത്യന്താധുനിക കഥകളില്‍ എങ്ങനെയൊക്കെ അടയാളപ്പെടുന്നു എന്നുമൊക്കെ തലനാരിഴകീറി ചര്‍ച്ചചെയ്യുന്ന നിരൂപക ശ്രേഷ്ഠരിലാരെങ്കിലും കെ.സി.വടക്കുമ്പാട് എന്ന കഥാകൃത്തിനെഓര്‍ക്കുന്നുണ്ടാകുമോ എന്നറിയില്ല. നിസ്തുലമെന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും, മലയാള കഥാസാഹിത്യത്തിന് മൂന്ന് കഥാസമാഹാരങ്ങള്‍ അദ്ദേഹം മുതല്‍കൂട്ടിയിട്ടുണ്ട്. കഥാ സാഹിത്യം ഇന്നത്തേതുപോലെ ഇത്രയൊന്നും സങ്കീര്‍ണ്ണമല്ലാതിരുന്ന ഒരു കാലത്ത്, കെ.സി. വടക്കുമ്പാടിന്റെ കഥകള്‍ക്കായും ചിലരൊക്കെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാള്‍ അയാളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും തഹസില്‍ദാരും കൂടി, കഴിഞ്ഞ കുറേക്കാലമായി അയാളിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും തഹസില്‍ദാരും കൂടി, കഴിഞ്ഞ കുറേക്കാലമായി അയാളിലെ കഥാകൃത്തിനെപുറം ലോകം കാണിക്കാതെ വീട്ടുതടങ്ങലിലാക്കിയിരിക്കുകയാണ്. ഫയലെഴുത്തിനപ്പുറം സര്‍ഗ്ഗാത്മകമായ എഴുത്തോ വായനയോ ഇല്ലാതെ അയാളിലെ കഥാകൃത്ത് ഏതാണ്ട് മൃതപ്രായനായ സ്ഥിതിയിലാണ്. എങ്കിലും, ഇത് പോലുള്ള ദീര്‍ഘയാത്രകളില്‍, കയ്യില്‍ കരുതുന്ന ഒരു പുസ്തകം പോലെ, മനസ്സിന്റെ ഏകാന്ത സഞ്ചാരങ്ങള്‍ ചെന്നു തൊടുന്ന ആശയങ്ങള്‍ പോലെ, ചില ജാലകക്കാഴ്ച്ചകള്‍ കണ്ട്, അയാളിലെ കഥാകൃത്ത് ഭ്രമിച്ചു പോകാറുണ്ട്.
തീവണ്ടിയിലെ റിസര്‍വേഷന്‍ കോച്ചില്‍, എ.സി.യുടെ തണുപ്പില്‍ സ്വസ്ഥമായി ഒതുങ്ങിയിരുന്ന് അദ്ദേഹം പരിസരം ഒന്ന് വീക്ഷിച്ചു. യാത്രക്കാര്‍ കുറവാണ്. തൊട്ടരികത്ത് ജാലകത്തിനോട് ചേര്‍ന്ന് കറുത്ത് തടിച്ച ഒരു മൊട്ടത്തലയന്‍ ചെരിഞ്ഞുറങ്ങുന്നുണ്ട്. മുന്‍വശത്തെ സീറ്റില്‍ ആരുമില്ല. അതിനുമപ്പുറം കുട്ടികളുള്‍പ്പെടെ ഒരു കുടുംബമാണ്. ഫയലുകളും അത്യാവശ്യം ഡ്രസ്സുകളുമടങ്ങിയ പെട്ടി അദ്ദേഹം കാല്‍ക്കീഴില്‍ ഒതുക്കിവെച്ചു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഒരു കഥാകൃത്തിന്റെ ഏറ്റവും പുതിയ പുസ്തകം തുറന്ന് അതിലേക്ക് മുഖം താഴ്ത്തി. ആദ്യകഥയുടെ പകുതിയിലെത്തിയപ്പോള്‍, പോക്കറ്റില്‍ നിന്ന് മൊബൈല്‍ വിറച്ചു. ജില്ലാ കളക്ടറാണ്. ചിത്താരി കടപ്പുറത്ത് കടല്‍ക്ഷോഭമാണ്. നൂറോളം കുടുംബങ്ങളെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കണം. അവര്‍ക്കുള്ള താമസ-ഭക്ഷണ സൗകര്യമേര്‍പ്പാടാക്കി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. പതിവുപോലെ ''ശരി സാര്‍'' എന്ന് കുമ്പിട്ട് നിവരുമ്പോള്‍ വരുന്ന അടുത്ത വിളി, സ്ഥലം എം.എല്‍.എ. ആണ്.

''കടലിളകിയിരിക്കുന്നു. തഹസില്‍ദാരായ നിങ്ങള്‍ എവിടെപ്പോയിക്കിടക്കുന്നു?'' അദ്ദേഹം ജനാധിപത്യപരമായി കയര്‍ത്തു.

വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ഹൈക്കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എറണാകുളത്തേക്കുള്ള ഒരു തീവണ്ടിയാലാണെന്നും വേണ്ടത് ഉടന്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ ഉണര്‍ത്തിച്ചു.

ഒരുപാട് ശ്രമിച്ചതിന് ശേഷമാണ് ചിത്താരി വില്ലേജ് ഓഫീസറെ മൊബൈലില്‍ കിട്ടിയത്. എന്താ ഏതാ എന്നൊന്നും പറയാതെ അയാളോട് ഉടന്‍ കടപ്പുറത്തെത്താനും തീരപ്രദേശത്തെ പ്രശ്‌നബാധിത കുടുംബങ്ങളെ തൊട്ടറുത്ത ക്ലബ്ബുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനും അവര്‍ക്കുള്ള ഫ്രീ റേഷന്റെ ലിസ്റ്റ് തയ്യാറാക്കി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ഒറ്റ വീര്‍പ്പില്‍ ഉത്തരവിട്ടു. പക്ഷെ വില്ലേജ് ഓഫീസര്‍ കുടുംബത്തോടെ ദൂരെ പറശ്ശിനിക്കടവ് വിസ്മയപ്പാര്‍ക്കിലെ വെള്ളത്തിലാണെന്ന വിവരമാണ് തിരിച്ച് കിട്ടിയത്. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച കുടുംബത്തോടെ തണുപ്പിക്കാനിറങ്ങിയതാണ് അയാള്‍. ചിലയിനം ജീവികള്‍ക്ക് പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടിക്കാണാന്‍ ജന്മവാസനയുണ്ടെന്ന ശാസ്ത്രജ്ഞന്‍മാരുടെ വെളിപ്പെടുത്തല്‍ വെറുതെയല്ലെന്ന് തഹസില്‍ദാര്‍ അപ്പോള്‍ ഓര്‍ത്തു. ഒടുവില്‍ മുക്കാല്‍ മണിക്കുറോളം മൊബൈലില്‍ കണ്ഠക്ഷോഭം നടത്തിയതിനു ശേഷമാണ് അഡീഷണല്‍ തഹസില്‍ദാരെ ചുമതലകളെല്ലാം പറഞ്ഞേല്‍പ്പിക്കാന്‍ കഴിഞ്ഞത്. എങ്കിലും ഉത്തരവാദിത്തങ്ങളേയോര്‍ത്തുള്ള ഉല്‍ക്കണ്ഠയില്‍, മനസ്സില്‍ പരവേശമടങ്ങാന്‍ പിന്നെയും കുറേ സമയമെടുത്തു. അപ്പോഴേക്കും, കഥയും കാലവുമെല്ലാം അദ്ദേഹം മറന്നു.

ഏതൊക്കെയോ സ്റ്റേഷനുകള്‍ തൊട്ട് തീവണ്ടി അന്തമില്ലാതെ പാഞ്ഞുകൊണ്ടിരുന്നു. വായിക്കാന്‍ ശ്രമിച്ച കഥാസമാഹാരം അദ്ദേഹം ഒട്ടൊരു നിരാശയോടെ പെട്ടിയിലേക്ക് തിരികെ വെച്ചു. മനസ്സ് ശാന്തമാക്കാന്‍ പതിയെ കണ്ണടച്ചു.

ഉറക്കമുണരുമ്പോള്‍ വണ്ടി പതിയെ ഷോര്‍ണ്ണൂര്‍ വിടുകയാണ്. പുറത്തെ ഇരുട്ടില്‍ വെളിച്ചങ്ങളുടെ തുരുത്തുകള്‍ അകന്നു പോകുന്നു. ഇടത്തേയറ്റത്തെ ജനാലക്കലിരുന്ന മൊട്ടത്തലയന്‍ ഇപ്പോഴില്ല. മുന്‍വശത്തെ കുടുംബവും എവിടെയോ ഇറങ്ങിപ്പോയിരിക്കുന്നു. തന്റെ പെട്ടി കാല്‍ക്കീഴില്‍ തന്നെ ഭദ്രമായിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പ് വരുത്തി. വളരെ പ്രധാനപ്പെട്ട ഫയലുകളടങ്ങിയ പെട്ടി പാടെ മറന്ന് ഉറക്കത്തില്‍ വീണു പോയത് ശരിയായില്ലെന്ന് അദ്ദേഹം സ്വയം ശാസിച്ചു.

ഇടത്തേയറ്റത്തെ ജനാലക്കല്‍ ഇപ്പോള്‍ മറ്റൊരു യാത്രക്കാരിയാണ്. വെളുത്ത് മലിഞ്ഞ നല്ല കുലീനത്വമുള്ള ഒരു സ്ത്രീ. മുടിയഴകള്‍ നരച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും യൗവ്വനത്തിന്റെ വെളിച്ചം കെടാതെ നില്‍ക്കുന്നു. അവര്‍ കാര്യമായ വായനയിലാണ്. സൂക്ഷിച്ച് നോക്കിയപ്പോള്‍ വായിക്കുന്ന പുസ്തകം മുട്ടത്തുവര്‍ക്കിയുടെ 'മയിലാടുംകുന്ന്' ആണെന്ന് മനസ്സിലായി. എന്തുകൊണ്ടോ അപരിചിതയായ ആ വായനക്കാരിയോട് അദ്ദേഹത്തിന് എന്തെന്നില്ലാത്ത അടുപ്പം തോന്നി. ഒരു കാലത്ത് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരു നോവലായിരുന്നു അത്. പഴയ ഏതൊക്കെയോ ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ മനസ്സ് നൊന്തു.

പെട്ടെന്നായിരുന്ന ആ സ്ത്രീ, അദ്ദേഹത്തിന് നേരെ മുഖമുയര്‍ത്തി ഇങ്ങനെചോദിച്ചത്.

''സര്‍ അങ്ങ് കെ.സി. വടക്കുമ്പാടല്ലേ? കഥകളൊക്കെ എഴുതുന്ന...''

എത്ര തന്നെ നിഷേധിച്ചാലും ഒരെഴുത്തുകാരന്റെ ഉള്ളില്‍ അനല്‍പമായ ആഹ്ലാദം വിരിയിക്കുന്ന ഒരു അനുഭവമാണത്. ഒരു ദീര്‍ഘയാത്രയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വായനക്കാരി തന്റെ പ്രിയപ്പെട്ട കഥാകൃത്തിനെആദരവോടെ തിരിച്ചറിയുന്ന ഒരു നമിഷം. ആഹ്ലാദവും അഭിമാനവും കൊണ്ട് അദ്ദേഹത്തിന്റെ മനസ്സ് തുളുമ്പിപ്പോയി. പക്ഷെ അതൊന്നും പുറത്ത് കാണിക്കാതെ, ഒരു പ്രശസ്ത കഥാകൃത്തിന് ചേര്‍ന്ന വിധം അതെയെന്ന് മാത്രം മറുപടി നല്‍കി അദ്ദേഹം അകലങ്ങളിലേക്ക് കണ്ണയച്ച് കനപ്പെട്ടതെന്തോ അലോചിച്ചിരുന്നു. രണ്ടാമതൊന്നാലോചിച്ചപ്പോള്‍ തിരിച്ചെന്തെങ്കിലും ചോദിക്കാതിരിക്കുന്നത് മര്യാദകേടാണെന്ന് കുരുതി. അതുകൊണ്ട് ചോദിച്ചു.

''നിങ്ങള്‍ എവിടേക്കാണ്?''

''ഞാനും എറണാകുളത്തേക്കാണ്'' അവര്‍ മറുപടി നല്‍കി.

കൂടുതലെന്തെങ്കലും ചോദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അവര്‍ മയിലാടും കുന്നിലേക്കു തന്നെ തിരിച്ചു പോയി. അദ്ദേഹം നാളെ അഡ്വക്കേറ്റ് ജനറല്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെക്കുറിച്ചും അതിന് പറയേണ്ട മറുപടികളെക്കുറിച്ചും ആലോചിച്ച് കണ്ണടച്ചിരുന്നു.

രാത്രി പതിനൊന്ന് കഴിഞ്ഞാണ് തീവണ്ടി എറണാകുളം നോര്‍ത്തിലെത്തിയത്. പ്ലാറ്റ്‌ഫോമില്‍ ഒരു പെരുങ്കളിയാട്ടത്തിന്റെ ആള്‍ക്കൂട്ടം. വളരെ ഞെരുങ്ങിയാണ് ആള്‍ക്കൂട്ടത്തെ വകഞ്ഞ് പുറത്തെത്തിയത്. സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മറൈന്‍ ഡ്രൈവിലെ ലോഡ്ജിലേക്ക് പോകുമ്പോള്‍ ഓട്ടോക്കാരന്‍ പറഞ്ഞറിഞ്ഞു. നാളെ കല്ലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്‍ഡ്യ-ഇംഗ്ലണ്ട് ഏകദിന് ക്രിക്കറ്റ് മത്സരമാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും കളി ഭ്രാന്തന്മാര്‍ വന്ന് നഗരം കീഴടക്കിയിരിക്കുന്നു. മുറി കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കൂടി അയാള്‍ പറഞ്ഞു.

റിസപ്ഷനിലേക്ക് നടക്കുമ്പോഴാണ് ശ്രദ്ധിച്ചത്, തൊട്ട് പുറകില്‍ ഒരു സ്ത്രീ. തീവണ്ടിയില്‍ വെച്ച് കണ്ട മയിലാടും കുന്നുകാരി. അവരും മുറി തരിക്കി വന്നതാണ്.

റിസപ്ഷനിലെ മദ്ധ്യവയസ്‌ക്കന് അവരെ തെറ്റീദ്ധരിച്ചു. അങ്ങോട്ടെന്തെങ്കിലും പറയും മുമ്പേ, ''ഒരു എ.സി.ഡബിള്‍ മുറിയേ ബാക്കിയുള്ളു'' എന്ന് പറഞ്ഞുകൊണ്ട്, അയാള്‍ കോട്ട് വായിട്ടു. രജിസ്റ്റര്‍ അദ്ദേഹത്തിന് നേരെ നീട്ടി. ഞങ്ങള്‍ ഒരുമിച്ചല്ല എന്ന് പറയാനാഞ്ഞ അദ്ദേഹത്തെ അതിനനുവദിക്കാതെ ആ സ്ത്രീ റജിസ്റ്റര്‍ വാങ്ങി അദ്ദേഹത്തിന് മുന്നില്‍ വെച്ചു. ''എ.സി. ആയാലും കുഴപ്പമില്ല, ഒരു രാത്രിയുടെ പകുതിയേ ഉള്ളു ഇനി''.

പകച്ചുപോയ കെ.സി. വടക്കുമ്പാടിനെകുറച്ചപ്പുറത്തേക്ക് മാറ്റി, ആ സ്ത്രീ ഇത്രകൂടി പറഞ്ഞു. ''അങ്ങ് എന്നോട് ക്ഷമിക്കണം. നഗരത്തില്‍ ഞാന്‍ അന്വേഷിച്ച ഒരു ലോഡ്ജിലും മുറി ഒഴിവില്ല. അതല്ലെങ്കില്‍ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് മുറി തരാന്‍ അവര്‍ക്ക് മനസ്സില്ല. ഇപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. എന്ത് ധൈര്യത്തിലാണ് ഞാന്‍ പരിചയമില്ലാത്ത ഒരു ഓട്ടോക്കാരനെവിശ്വസിച്ച് ഒട്ടും പരിചയമില്ലാത്ത ഈ നഗരത്തില്‍ മുറി തേടി അലയുന്നത്. പോലീസും പട്ടാളവും അധികാരികളും കാവല്‍ നില്‍ക്കുന്ന നഗരങ്ങളില്‍ പോലും ഒരു സ്ത്രീക്ക് രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. അങ്ങേയ്ക്ക് എന്നെ മനസ്സിലാകുമെന്നാണ് ഞാന്‍ കരുതുന്നത്...? ഒരു കഥാകൃത്തിന് അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെയാര്‍ക്കാണത്... ഇനി വെറും അഞ്ചോ ആറോ മണിക്കൂര്‍. അത് കഴിഞ്ഞാല്‍ ഈ രാത്രീ തീരുകയല്ലേ... അങ്ങ് മറുത്തൊന്നും പറയരുത് പ്ലീസ്''.

അന്ധാളിച്ച് മൊഴിമുട്ടിയ അവള്‍ക്കു മുന്നിലൂടെ റൂംബോയ് പെട്ടിയും തൂക്കി പടികള്‍ കയറി.

കെ.സി.വടക്കുമ്പാട് എന്ന കഥാകൃത്തും തഹസില്‍ദാരും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും സര്‍വ്വോപരി കുടുംബസ്ഥനുമായ ഒരു മാന്യവ്യക്തി, എറണാകുളം നഗരത്തിലെ ഒരു ലോഡ്ജ് മുറിയില്‍ അപരിചിതയായ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ടാലുണ്ടാകുന്ന പുകിലോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് സര്‍വ്വാംഗം തളര്‍ച്ചതോന്നി. ടൗവ്വല്‍കൊണ്ട് മുഖം മറച്ച് ജീപ്പില്‍ കയറുന്ന ദൃശ്യങ്ങള്‍ പത്രങ്ങളും ചാനലുകളും തുറന്നുവെക്കുന്ന ദുരന്തസാധ്യതകള്‍കൂടി മനസ്സിലോര്‍ത്തപ്പോള്‍ എ.സി.മുറിയിലും അദ്ദേഹം വിയര്‍ത്തു.

''എന്നോട് ക്ഷമിക്കൂ സര്‍. സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു''

''നിങ്ങള്‍ ആരാണ്? രാത്രി വണ്ടിക്ക് നഗരത്തില്‍ വന്നിറങ്ങി നിങ്ങള്‍ക്ക് എങ്ങോട്ട് പോകാനാണ്?''

അദ്ദേഹത്തിന്റെ ആ ചോദ്യത്തിനുത്തരമായി ആ സ്ത്രീയില്‍ നിന്നും കിടിലം കൊള്ളിക്കുന്ന ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. പിന്നീട് കിതപ്പില്‍ ഉലഞ്ഞുപോയ ശരീരം നേരെ നിര്‍ത്തി അവര്‍ അദ്ദേഹത്തിന് തൊട്ടുമുന്നില്‍ വന്നു കുനിഞ്ഞ് നിന്നു.

''നോക്ക് എന്റെ മുഖത്ത് നോക്ക്, കെ.സി. വടക്കുമ്പാടിന് എന്നെ അറിയില്ല അല്ലെ?''

ആ നിമിഷത്തില്‍ അദ്ദേഹത്തിന് താന്‍ പെട്ടുപോയ അപകടത്തിന്റെ ആഴം മനസ്സിലായി. തൊട്ടടുത്ത നിമിഷം മനസ്സില്‍ കണക്കുകൂട്ടിയ കൃത്യതയോടെ അവരെ തള്ളിമാറ്റി, അദ്ദേഹം പെട്ടിയുമെടുത്ത് വെടിച്ചില്ലുപോലെ മുന്‍വാതിലിനു നേരെ പാഞ്ഞു. പക്ഷെ, അതു പിഴച്ച ഒരു നീക്കമായിരുന്നു. സമര്‍ത്ഥയായ ആ സ്ത്രീ മുന്‍വാതില്‍ പൂട്ടി താക്കോല്‍ മാറ്റിവെച്ചിരുന്നു.

''നിങ്ങള്‍ക്കെന്താണ് വേണ്ടത്? ജീവിതത്തിലൊരിക്കലും ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. നിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഞാന്‍. നിങ്ങള്‍ക്ക് ആളുമാറിയതാണ്''. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറിപ്പോയിരുന്നു.

''നിങ്ങള്‍ അതിബുദ്ധികാണിക്കുമെന്നറിയാമായിരുന്നു. വാതില്‍പൂട്ടി താക്കോലെടുത്ത് വെച്ചത് അതുകൊണ്ട് തന്നെയാണ്''.

''നോക്കു ഞാന്‍ ഒരു തഹസില്‍ദാരാണ്. നാളെ രാവിലെ 11 മണിക്ക് പ്രധാനപ്പെട്ട ഒരു കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകാനുള്ളതാണ്. ഞാന്‍ നിങ്ങളെ പോലീസില്‍ ഏല്‍പ്പിക്കും''.

''ദേ നോക്ക് ഞാനീ സാരിയുടെ കുത്തഴിച്ച് എന്റെയീ ബ്ലൗസ്സും വലിച്ചുകീറി മുടിയഴിച്ചിട്ടൊന്ന് നിലവിളിച്ചാല്‍ അടുത്ത നിമിഷമെത്തും ഈ മുറിയില്‍ പോലീസ്. പിന്നെ ഈ തഹസില്‍ദാര്‍ അഴിക്കകത്താണ്. സ്ത്രീ പീഢനത്തിന്റെ വകുപ്പുകളൊന്നും ഞാനായിട്ട് തഹസില്‍ദാരെ പഠിപ്പിക്കണ്ടല്ലോ? അതുകൊണ്ട് ആ ഭീഷണിയൊന്നും വേണ്ട''

ഒരു നരിക്കൂട്ടില്‍പെട്ടുപോയ പൂച്ചയെപ്പോലെ കെ.സി.വടക്കുമ്പാട് പതുങ്ങി നിന്നു. ഇനിയൊന്നും ചെയ്യാനില്ല. വരാനുള്ളത് അനുഭവിക്കുകയേ നിവൃത്തിയുള്ളു. ശിഷ്ടജീവിതത്തിന്റെ വിധി ഈ രാത്രി പുലരുന്നതിനു മുമ്പേ നിശ്ചയിക്കപ്പെടും. ഒരു വാക്ക് ഉരിയാടാനില്ലാതെ, സ്വയം ശപിച്ചുകൊണ്ട് അദ്ദേഹം കസേരയില്‍ തളര്‍ന്നിരുന്നു.

''ഞാന്‍ വിമലയാണ്''

ഏത് വിമലയെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അവരെ നോക്കി

''നിങ്ങള്‍ക്കെന്നെ ഓര്‍ത്തിരിക്കാന്‍ കാരണങ്ങളില്ല'' അതു പറഞ്ഞ് അവള്‍ തന്റെ ബാഗിലെ ഒരു അറയില്‍ നിന്നും മുഷിഞ്ഞു നിറംകെട്ട ഒരു ഇന്‍ലാന്റ് കത്തെടുത്ത് അയാള്‍ക്ക് നീട്ടി. അതില്‍ ഇങ്ങനെഎഴുതിയിരുന്നു.

''എന്റെ വിമലയ്ക്ക്,

ഞാന്‍ ഡല്‍ഹിയിലെത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു. കാര്യമായ ഒരു ജോലിയും ശരിയാകാത്തതുകൊണ്ടാണ് ഇതേവരെ നിനക്ക് എഴുതാതിരുന്നത്. മാസശമ്പളം എഴുന്നൂറ് രൂപയ്ക്ക്, ഇപ്പോള്‍ ഒരു പഠാണിയുടെ പ്രസ്സില്‍...''

അത്രയും വായിച്ച് കഴിഞ്ഞതും കെ.സി.വടക്കുമ്പാട് എന്ന തഹസില്‍ദാര്‍ പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. തീപാറുന്ന കണ്ണുകളില്‍ നോക്കാനാകാതെ അദ്ദേഹം തലയില്‍ കൈവെച്ചു നിന്നു.

''ഞാന്‍ വിമലയാണ്. നിങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാത്ത കഥയിലെ പാവം കാമുകി. കഴിഞ്ഞ പതിനേഴ് വര്‍ഷക്കാലമായി, കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്‌ഫോമിന് പുറത്ത് വെയിലും മഞ്ഞുകൊണ്ട് നില്‍ക്കുകയാണ് ഞാന്‍. നിങ്ങളോട് ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ഒരു സ്ത്രീയുടെ ജീവിതം ഇങ്ങനെവഴിയാധാരമാക്കിയതിന് നിങ്ങള്‍ സമാധാനം പറഞ്ഞേ പറ്റൂ. അതിനുവേണ്ടി മാത്രമാണ് നിങ്ങളെ ഈ രാത്രിയില്‍ ഈ മുറിയിലെത്തിച്ചത്. കാഞ്ഞങ്ങാട്ട് നിന്നും വണ്ടി കയറിയതുമുതല്‍ നിങ്ങളെ അനുഗമിച്ചതും ഇതിനുവേണ്ടിയാണ്''. കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍.

''നോക്കൂ, ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതിയതല്ല സഹോദരീ. നിന്നെ അന്ന് സന്ധ്യയ്ക്ക് തന്നെ വണ്ടി കയറ്റി ഡല്‍ഹിയിലേക്കയക്കണമെന്നും, നിന്റെ അനന്തേട്ടനോടൊത്ത് സ്വപ്നം കണ്ട ഒരു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ആ കഥ ശുഭപര്യവസായിയായി തീര്‍ക്കണമെന്നും കണക്കുകൂട്ടിയതാണ്. പക്ഷെ ഔദ്യോഗിക ജീവിതത്തിലെ സ്ഥാനക്കയറ്റങ്ങള്‍ക്കും തിരക്കുകള്‍ക്കും വ്യക്തിജീവിതത്തിലെ വേദനകള്‍ക്കും, വേവലാതികള്‍ക്കുമൊക്കെയിടയില്‍, കഴിഞ്ഞില്ല ഇതേവരെ... മനപ്പൂര്‍വ്വമല്ല''. അദ്ദേഹം ആകാവുന്നത്ര വിനീതനായി.

''എന്റെ അനന്തേട്ടന്‍.........'' അത്രയും പറഞ്ഞ് അവള്‍ നിലതെറ്റി കരയാന്‍ തുടങ്ങി. ആശ്വസിപ്പിക്കാന്‍ ഒരു വാക്കുപോലും നല്‍കാനില്ലാതെ തഹസില്‍ദാര്‍ മരവിച്ചു നിന്നു.

''ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലെല്ലാം എന്നെത്തേടി അന്ന് അനന്തേട്ടന്‍ അലഞ്ഞ് നടന്നിരിക്കും. എന്നെക്കുറിച്ച് ഒരു വിവരവുമില്ലാതെ, ഒരു പക്ഷെ ഞാന്‍ ചതിച്ചു എന്ന് കരുതി നെഞ്ച് തകര്‍ന്ന്....'' അതു പൂര്‍ത്തിയാക്കാനാവാതെ അവള്‍ കട്ടിലില്‍ കിടന്ന് തല തല്ല.

''സഹോദരി, അപൂര്‍ണ്ണമായ ആ കഥ ഇപ്പോഴും എന്റെ പെട്ടിയിലുണ്ട്. നാളെത്തന്നെ ഞാനത് പൂര്‍ത്തിയാക്കും. ചെറിയ ഒരു തിരുത്തല്‍ വരുത്തിയാല്‍ യാത്രാമാര്‍ഗ്ഗം വിമാനമാക്കാം. ഇവിടെ നിന്നും നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലേക്ക് കുറഞ്ഞ ദൂരമേയുള്ളു. അരമണിക്കൂര്‍ യാത്ര വേണ്ടി വരില്ല ഡല്‍ഹിലേക്ക്. ഞാന്‍ വിചാരിച്ചാല്‍ അതിന് കഴിയും''. ആത്മാര്‍ത്ഥമായിത്തന്നെയാണ് തഹസില്‍ദാര്‍ അതു പറഞ്ഞത്.

''ദ്രോഹീ....., പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് പോയിട്ട് ഞാനെന്തെടുക്കാനാണ്? ഏതെങ്കിലും ഹിന്ദിക്കാരിയേയും കെട്ടി അനന്തേട്ടന്‍ ഇപ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം കഴിയുന്നുണ്ടാകും. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ള എന്നെ ഈ അവസ്ഥയിലാക്കിയത് നിങ്ങളായ സ്ഥിതിക്ക്, എനിക്കൊരു ജീവിതം തരാനുള്ള ബാദ്ധ്യതയും നിങ്ങള്‍ക്കുണ്ട്. അതെ, നിങ്ങളെന്നെ കെട്ടണം അല്ലാതെ വിടില്ല നിങ്ങളെ ഞാന്‍''.

തഹസില്‍ദാര്‍ക്ക് ബോധം കെട്ടില്ലെന്നെയുള്ളു.

''സഹോദരീ, എനിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സമൂഹത്തില്‍ നല്ല നിലയില്‍ കഴിയുന്ന തഹസില്‍ദാരും, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമായ ഒരാള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്ന ഒരു കാര്യമാണോ ഇത്? മറ്റെന്ത് പരിഹാരത്തിനും നമുക്ക് ശ്രമിക്കാം''.

''മര്യാദക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന ഒരു പെണ്ണിനെ, അവിടെ നിന്നുമിറക്കി റെയില്‍വേസ്‌റ്റേഷനില്‍ കൊണ്ടുവന്നാക്കിയപ്പോള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആലോചിക്കണമായിരുന്നു അതൊക്കെ. അതുകൊണ്ട് നിങ്ങളെന്റെ കഴുത്തില്‍ താലികെട്ടണം. ഇതുവരെ കാത്തുവെച്ച എന്റെ ദാഹങ്ങള്‍ക്ക് ശമനമുണ്ടാക്കണം. എന്റെ ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാക്കണം. ഇതിന് മറ്റൊരു പരിഹാരമില്ല. നോക്കൂ, എന്റെ ഒരു നിലവിളിക്കപ്പുറം പോലീസും നിയമവും കോടതികളുമുണ്ട്.....''. അത്രയും പറഞ്ഞുകൊണ്ട് അവള്‍ സാരിയുടെ കുത്തഴിച്ച് തഹസില്‍ദാരുടെ നേര്‍ക്കടുത്തു.

തഹസില്‍ദാരുടെ തലക്കുള്ളിലൂടെ ഒരു തീവണ്ടി പാഞ്ഞുപോയി.

സമയത്തിന് ഹൈക്കോടതിയില്‍ ഹാജരാകാത്ത തഹസില്‍ദാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പിറ്റേന്നാള്‍ പന്ത്രണ്ട് മണിയോടെ അഡ്വക്കേറ്റ് ജനറലിന്റെ ആഫീസില്‍ നിന്നും കാസര്‍കോട് കളക്ടര്‍ക്ക് ഫാക്‌സ് സന്ദേശം പോയി. ഔദ്യോഗികാവശ്യത്തിന് എറണാകുളത്തുപോയി ഇനിയും തിരിച്ചെത്താത്ത തഹസില്‍ദാരെക്കുറിച്ച് ചാനലുകളും പത്രങ്ങളും സെന്‍സേഷണല്‍ കഥകളെഴുതി. വീട്ടുകാരുടെ പരാതിയിന്‍മേല്‍, നടത്തിയ അന്വേഷണത്തില്‍ ഒരു തൂമ്പും കണ്ടെത്താനാകാതെ കേരള പോലീസ് കൈമലര്‍ത്തി. ക്രൈബ്രാഞ്ചും, സി.ബി.ഐയും അന്വേഷണം നടത്തി സുല്ലിട്ടു.

കെ.സി.വടക്കുമ്പാട് എന്ന കഥാകൃത്തും തഹസില്‍ദാരുമായ ആള്‍ തിരിച്ചുവരുമോ? ഇനി കഥകളെഴുതുമോ? ആര്‍ക്കറിയാം കഥയെഴുതിയാല്‍ അങ്ങേര്‍ക്ക് കൊള്ളാം. എഴുതിയില്ലെങ്കില്‍ മലയാളികള്‍ക്ക് കൊള്ളാം. ഹല്ല പിന്നെ.........!……'

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications