Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

എന്റെ പ്രിയനഗരിയില്‍..

ക്വാലാ ലംപൂര്‍ എനിക്ക് പുതിയൊരു നഗരമല്ല. പലതവണ വന്നിട്ടുളള ഒരു ചിരപരിചിത നഗരം. കുഞ്ഞുന്നാളില്‍ അച്ഛനോടൊപ്പമാണ് ആദ്യം പോയത്. അന്നത്തെ മലേഷ്യയുടെ ചിത്രം പക്ഷെ മനസിലില്ല. പിന്നീട് മുതിര്‍ന്നപ്പോള്‍ പലതവണ പോയി, അഞ്ചാറ് തവണ ഷൂട്ടിങ്ങിനായി തന്നെ പോയി. പക്ഷെ ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സുപ്രിയ കൂടെയുണ്ടെന്നതു തന്നെ. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്രയായതിനാല്‍ ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇത്തിരി നിമിഷങ്ങളിലെ മധുവിധുവായിരുന്നു മനസില്‍.

പക്ഷെ വിചാരിച്ചതുപോലായിരുന്നില്ല കാര്യങ്ങള്‍. രാവിലെ ആറിനു തുടങ്ങുന്ന ഷൂട്ടിങ്ങ് രാത്രി വൈകിയും തുടര്‍ന്നു. മലേഷ്യയുടെ രാത്രിദൃശ്യങ്ങളും സംവിധായകന്‍ ദീപു കരുണാകരന് പകര്‍ത്തണമായിരുന്നു. ലൈറ്റും മറ്റ് സാങ്കേതികസൗകര്യങ്ങളുമെല്ലാമടങ്ങുന്ന 46 അംഗ സംഘം തന്നെയുണ്ടായിരുന്നു ഒപ്പം. സാധാരണ ഇത്തരം വിദേശലൊക്കേഷനുകളില്‍ ഇത്രയും സന്നാഹം ഉണ്ടാകാറില്ല.

ചിത്രീകരണം നഗരപരിധിക്കുള്ളില്‍ തന്നെയായതുകൊണ്ട് മലേഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകാനോ ഗ്രാമങ്ങള്‍ കാണാനോ ഒന്നും കഴിഞ്ഞില്ല. അതിന് സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തനിയേ തന്നെ പോകണം. പലതവണ പോയിട്ടുള്ളതുകൊണ്ട് എനിക്കതില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും സുപ്രിയയ്ക്കു വേണ്ടി അങ്ങിനെയൊരു യാത്ര പഌന്‍ ചെയ്യണം. അവള്‍ സിംഗപ്പൂരില്‍ ട്രെയിനിങ്ങിന്റെ ഭാഗമായി നേരത്തെ പോയിട്ടുണ്ട്. മലേഷ്യയില്‍ ഇതാദ്യമായിരുന്നു.

ചിത്രത്തില്‍ ഞാന്‍ തേജാഭായ് ആണ്. മലേഷ്യന്‍ അധോലോകത്തിലെ മലയാളി സാന്നിധ്യം! എന്റെ വീടായി ചിത്രീകരിച്ചത് കണ്‍ട്രിഹൈറ്റ് വില്ലയായിരുന്നു. മലേഷ്യയിലെ തന്നെ ഏറ്റവും പോഷായ ഒരു സ്ഥലം. എന്റെ വീടൊരു മലയാളിയുടേതായിരുന്നു എന്നതും യാദൃശ്ചികം. കണ്ണൂര്‍ സ്വദേശിയായ മാധവന്‍ നമ്പ്യാരും പാലക്കാട്ടുകാരി സുജാതചേച്ചിയും. ഇരുവരും നല്ല ആതിഥേയരും കൂടിയായിരുന്നു. നമ്പ്യാര്‍ അവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്.

കേരളത്തിന്റെ സമാനമായ കാലാവസ്ഥയാണ് ക്വലാ ലംപൂരിലും. ഇടക്കിടെ പെയ്യുന്ന മഴ. വഴിയോരത്തെ സസ്യജാലങ്ങള്‍. മലയാളികളുടെ സാന്നിധ്യവും. ക്വലാ ലംപൂരില്‍ നമുക്ക് അപരിചിതത്വം തോന്നില്ല. ദുബായില്‍ എവിടെ തിരിഞ്ഞാലും മലയാളികളെ കാണുന്നതുപോലെ ഇവിടെ തമിഴ്‌വംശജരെ കാണാം. അതുകൊണ്ട് തന്നെ ഭാഷയുടെ പ്രശ്‌നവും മലയാളികളായ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നില്ല.

മലേഷ്യയില്‍ എനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടെന്നത് ഈ യാത്രയില്‍ കിട്ടിയ അത്ഭുതകരമായ പുതിയൊരറിവായിരുന്നു. തമിഴ് സിനിമയിലൂടെ കിട്ടിയ ആരാധകര്‍. അവര്‍ എനിക്കൊരു ഉപഹാരവുമായി സെറ്റിലെത്തിയതും സന്തോഷം പകര്‍ന്നു.

ഷൂട്ടിങ് തിരക്കിനിടയില്‍ മധുവിധുയാത്രകളൊന്നും തരപ്പെട്ടില്ലെങ്കിലും വീണുകിട്ടുന്ന ചെറിയനിമിഷങ്ങളില്‍ മലേഷ്യയുടെ നഗരസൗന്ദര്യം ഞങ്ങള്‍ ആസ്വദിച്ചു. ക്വലാ ലംപൂര്‍ എന്നു പറഞ്ഞാല്‍ പെട്രോനാസ് ടവര്‍ തന്നെ. എന്തൊരു തലപ്പൊക്കം! മലേഷ്യക്കാര്‍ ആത്മാഭിമാനത്തോടെയാണ് അതിനെ കാണുന്നതും വിശേഷിപ്പിക്കുന്നതും. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ആ അംബരചുംബികളെ കാണാം. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും നടക്കാനെ ഉണ്ടായിരുന്നുള്ളൂ അവിടേക്ക്. പ്രിയയും ഞാനും ഇടവേളകളില്‍ ആകാശസീമകളിലേക്ക് തുളച്ചു കയറിപ്പോകുന്ന ആ വിസ്മയത്തെ ആസ്വദിക്കുമായിരുന്നു. രാവില്‍, വെള്ളി വെളിച്ചത്തില്‍ അടിമുടി കുളിച്ച,് വലിയൊരു പൂത്തിരി പോലെ കത്തി നില്‍ക്കുന്ന പെട്രൊനാസ് ടവറുകള്‍ ഒരു സ്വപ്‌ന ദൃശ്യം തന്നെ.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications