Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പൊതുപ്രവര്‍ത്തനത്തിലെ ഉത്തമ മാതൃക

മുംബയ് മഹാനഗരത്തില്‍ മലയാളികളുടെ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ജീവിതം മാര്‍ഗ്ഗം തേടി മുംബയ് നഗരത്തിലെത്തിയ മലയാളികള്‍ ജോലി സ്ഥിരതയും കുടുംബ ഭദ്രതയും ഉറപ്പാക്കിയ ശേഷമാണ് പൊതുവെ കലാ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ചിലര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് പ്രശസ്തിക്കുവേണ്ടി പൊതുരംഗത്ത് സജീവമാകുന്നതും ഇവിടെ കാണാന്‍ കഴിയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി പൊതുപ്രവര്‍ത്തനത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് വാസയിയിലെ സാമൂഹിക ,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ കെ ബി ഉത്തംകുമാര്‍ എന്ന നല്പ്പത്തിയാറുകാരന്‍. നാട്ടില്‍ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സമയത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട്  മുംബയിലേക്ക് വണ്ടി കയറേണ്ടി വന്നില്ലെങ്കില്‍ തന്‍റെ നിയോഗം മറ്റൊന്നാകുമായിരുന്നുവെന്ന് ഉത്തംകുമാര്‍ വിശ്വസിക്കുന്നു.

ചങ്ങനാശ്ശേരി പായിപ്പാട് മല്യത്ത് വീട്ടില്‍ പരേതരായ ഭാസ്ക്കരന്‍പിള്ള ശാന്തമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനായ ഉത്തംകുമാറിന്‍റെ വിദ്യാഭ്യാസം പായിപ്പാട് ഗവ:മുസ്ലീം എല്‍ പി സ്കൂള്‍, പായിപ്പാട് ഗവ:ഹൈസ്ക്കൂള്‍ ,ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു.ചെറുപ്പംമുതലെ പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിരുന്ന ഉത്തംകുമാര്‍ ആര്‍ എസ് എസ്സിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പായിപ്പാട് മണ്ഡലം ബാല പ്രമുഖ്,കാര്യ പ്രമുഖ്എന്നീ ചുമതലകള്‍ വഹിച്ചു.സംഘ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെ രാഷ്ട്രീയ സംഘട്ടനങ്ങളും മറ്റും കൊണ്ട് കലുഷിതമായ അന്തരീക്ഷത്തില്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി 1991ലാണ് മുംബയിലേക്ക് വണ്ടി കയറുന്നത്. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയില്‍ അതിയായ കമ്പമുണ്ടായിരുന്ന ഉത്തംകുമാര്‍ ഭയന്തറിലെ ഒരു സ്റ്റുഡിയോയില്‍ ജോലിക്ക് കയറിയതോടെ തന്‍റെ പ്രവാസ ജീവിതം ആരംഭിച്ചു. താമസിയാതെ കുമാര്‍ സ്റ്റുഡിയോ എന്ന പേരില്‍ വസായിയില്‍ സ്വന്തമായി സ്റ്റുഡിയോ ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ സ്റ്റുഡിയോവിന് ബയന്തറില്‍ ശാഖ തുടങ്ങി കൂടാതെ കളര്‍ ലാബും ആരംഭിച്ചു. സാമൂഹ്യ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരാള്‍ക്ക് എത്ര ശ്രമിച്ചാലും അതില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല കുമാറിന്‍റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. സ്റ്റുഡിയോ ബിസിനസ് നല്ലരീതിയില്‍ മുന്നോട്ട് പോകവേ കുമാര്‍ പതുക്കെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തേക്ക് വീണ്ടും കാലെടുത്തുവെച്ചു. തപസ്യ കലാവേദിയിലൂടെയാണ് രണ്ടാം വരവിനു തുടക്കമിട്ടത്. പത്തുവര്‍ഷത്തോളം അതിനു നേതൃത്വം നല്‍കി.

ഇതിനിടയില്‍ മലയാളി സമാജം, വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.ബെസ്സീന്‍ കേരള സമാജം വൈസ് പ്രസിഡണ്ട്, കമ്മറ്റി അംഗം, വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുംബയില്‍ എത്തിയ കാലം തൊട്ടുതന്നെ ബി ജെ പി യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി ബി ജെ പി വസായ് റോഡ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി, ബി ജെ പി കേരള ഘടകം മുംബയ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ കുമാറിനെ തേടിയെത്തി. തദ്ദേശീയരുമായി നല്ല ബന്ധം പുലര്‍ത്തിവരുന്ന കുമാറിന് തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായ പിന്തുണ എന്നും ലഭിച്ചിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ എന്ത് പ്രതിസന്ധിയുണ്ടായാലും സന്ത്യസന്ധമായും,ആത്മാര്‍ത്ഥതയോടെയും നിറവേറ്റാന്‍ നിഷ്കര്‍ഷത പുലര്‍ത്തിയിരുന്ന കുമാറിനെത്തേടി അവസാനം വസായ് റോഡ്‌ ബി ജെ പി മണ്ഡലം അധ്യക്ഷന്‍ എന്ന പദവിയും എത്തി .ഒരു പക്ഷെ മുംബയില്‍ ഇങ്ങനെയൊരു പദവിയില്‍ എത്തുന്ന ആദ്യ മലയാളിയായിരിക്കും ഉത്തംകുമാര്‍. 2005 ല്‍ വസായ് നഗസഭയിലേക്കും 2010ല്‍  വസായ് കോര്‍പ്പറേഷനിലേക്കും ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച കുമാര്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.

 ചേരി നിവാസികള്‍ അടക്കം സാധാരണ ജനങ്ങളുമായി നല്ലബന്ധമാണ് കുമാര്‍ പുലര്‍ത്തിപ്പോരുന്നത് വസായിയിലെ തന്‍റെ ഒഫീസില്‍ ദിവസവും കാണുന്ന തിരക്ക് കുമാറിന്‍റെ ജനസമ്പര്‍ക്കത്തിന്‍റെ തെളിവാണ്.

സാമൂഹ്യ പ്രവര്‍ത്തനം എന്തായിരിക്കണമെന്ന് കുമാറിന് വ്യക്തമായ ധാരണയുണ്ട്. കേരളത്തില്‍ സുനാമി വന്‍ ദുരന്തം വരുത്തിവച്ചപ്പോള്‍ ബെസ്സീന്‍ കേരള സമാജത്തിന്‍റെ ഉപാധ്യക്ഷനായിരുന്ന കുമാര്‍ വിവിധ സംഘടനകളുടെ സഹായത്താല്‍ സമാഹരിച്ച ഒരു ട്രാക്ക് സാധന സാമഗ്രികള്‍ ലോറിയില്‍ നേരിട്ട് യാത്രചെയ്ത് ആലപ്പുഴ കൊല്ലം ജില്ലയിലെ സുനാമി ബാധിത മേഖലയില്‍ വിതരണം ചെയ്യാന്‍ കുമാര്‍ കാണിച്ച നേത്രുത്വ പാടവം പ്രശംസനീയാമായിരുന്നു. മുംബയ് പ്രളയം ഉണ്ടായ സമയത്ത് ബി കെ എസ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലും കുമാര്‍ ഉണ്ടായിരുന്നു. 2002ല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള ഒരുകൂട്ടം ചെറുപ്പക്കാരെ സംഘടിപ്പിച്ച് പ്രതീക്ഷ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കിയ കുമാര്‍ സാമൂഹ്യ സേവന രംഗത്ത് പുതിയ പാത വെട്ടിത്തെളിക്കുകയായിരുന്നു. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെ പലതരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രതീക്ഷ ട്രസ്റ്റ് നടത്തിവരുന്നത്. ഓരോവര്‍ഷവും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്ക് പ്രതീക്ഷ ട്രസ്റ്റ് അവാര്‍ഡ് നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ നിരവധി പ്രമുഖരാണ് പ്രതീക്ഷ ട്രസ്റ്റിന്‍റെ വേദിയില്‍ അണിനിരന്നത്. ഒരു മലയാളി കുടുംബത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്ത വസായ് കൂട്ടക്കൊലയിലെ പ്രതികളെ പിടികൂടാന്‍ നടത്തിയ പ്രക്ഷോഭത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും ദുരന്തത്തെ തുടര്‍ന്ന്‍ ആശ്രയം നഷ്ടമായവര്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തിക്കൊടുക്കാന്‍ കഴിഞ്ഞതും ജീവിത സായൂജ്യമായി കുമാര്‍ കാണുന്നു.

എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും ദുഷ്പ്രചരണങ്ങളും,

അപവാദങ്ങളും നമുക്ക് ചുറ്റും എല്ലായിപ്പോഴും ഉണ്ടാകും. അതൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞാലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് സ്വന്തം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി കുമാര്‍ പറയുന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഒരുപാട് കള്ള നാണയങ്ങള്‍ ഉള്ളതിനാല്‍ യഥാര്‍ത്ഥ പ്രവര്‍ത്തകരെ സമൂഹം തിരിച്ചറിയാന്‍ സമയമെടുക്കുമെന്ന വിശ്വാസമാണ് കുമാറിനുള്ളത്  . സദാ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരിക്കുന്ന  ഒരാള്‍ക്ക് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല അതുകൊണ്ടുതന്നെയാണ് താന്‍  പടുത്തുയര്‍ത്തിയ, വസായിയിലെ അറിയപ്പെടുന്ന കുമാര്‍  സ്റ്റുഡിയോ പൂട്ടേണ്ടിവന്നതെന്ന് കുമാറിന് മറ്റാരെക്കാളും നന്നായി അറിയാം. ബിസിനസ്സുകാരന് യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍ ആകാന്‍ കഴിയില്ലെന്നാണ് കുമാറിന്‍റെ പക്ഷം. ഇരുപത്തിയഞ്ച് വര്‍ഷത്തെ സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ ഫലമായി ഇന്നും വാടകവീട്ടില്‍ താമസിക്കേണ്ടിവരുന്നതില്‍ അതുകൊണ്ടുതന്നെ കുമാറിന് പരിഭവവുമില്ല. ഗുണ്ടായിസവും മാഫിയ പ്രവര്‍ത്തനങ്ങളും കൊടികുത്തിവാഴുന്ന വസായിയില്‍ അതിനെയൊക്കെ അതിജീവിച്ച് ഒരു മലയാളി സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവായി നിലകൊള്ളുന്നു എന്നത്  അഭിമാനാര്‍ഹാമാണ്.. രണ്ടര പതിറ്റാണ്ടത്തെ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ബാക്കി പത്രം തിരുവിതാംകൂര്‍ മഹാരാജാവ്, ക്രിസ്റ്റൊസം തിരുമേനി, ശബരിമല തന്ത്രി, തുടങ്ങിയ വലിയൊരു സുഹൃത് വലയമാണെന്ന് കുമാര്‍ പറയുന്നു. വസായിയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ സിജിയാണ് ഭാര്യ. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഗായത്രി.ആറാംതരത്തില്‍ പഠിക്കുന്ന ഗൌരി എന്നിവരടങ്ങുന്നതാണ് ഉത്തംകുമാറിന്‍റെ കുടുംബം.

ഉത്തം കുമാറിന്‍റെ ഫോണ്‍ നമ്പര്‍ 09323528197

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications