Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ആര്‍ത്തര്‍ക്കായുള്ള സമര്‍പ്പിതജീവിതം: ഡോ എ ആര്‍ കെ പിള്ള

"ദൈവരാജ്യം വരേണമേ, സ്വര്‍ഗ്ഗത്തിലെന്നപോലെ നീ ഭൂമിയിലും ചെയ്യേണമേ" എന്ന ദൈവത്തിനോടുള്ള പ്രാര്‍ത്ഥനയോട് യേശുവിന്റെ മറുപടിയിതായിരുന്നു: "ദൈവരാജ്യം നിനക്കുള്ളില്‍ തന്നെയാണ്." നമ്മള്‍ പ്രയോഗപഥത്തില്‍, വാക്കുകളില്‍ ഇതിനെ പുറത്തെത്തിക്കണമെന്നു മാത്രം. (Gospel Parable)

ഇതു തിരിച്ചറിഞ്ഞ ഋഷിതുല്യരായ അപൂര്‍വ്വം വ്യക്തികളിലൊരാളാണ് ഡോ എ ആര്‍ കെ പിള്ള. ആര്‍ത്തരായ മനുഷ്യരോടുള്ള സഹാനുഭൂതിയായി, സമര്‍പ്പണമായി ജീവിതം സ്വയം മാറ്റിത്തീര്‍ക്കുകയായിരുന്നു പിള്ള.

വിദേശപരസ്യക്കമ്പനിയില്‍ മുംബൈയിലും ഡല്‍ഹിയിലും ഉന്നതതസ്തികകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും മെച്ചപ്പെട്ട ധനസ്ഥിതിയും ഉയര്‍ന്ന സാമൂഹ്യപദവിയും ഉള്ള കാലത്ത്, 1975ല്‍, ആണ് സാമൂഹ്യസേവനത്തിന്റെ രംഗത്തേക്ക്, ലളിതജീവിതത്തിലേക്ക്, ധ്യാനനിരതമായ ആത്മസമര്‍പ്പണത്തിലേക്ക് സ്വജീവിതത്തെ എ ആര്‍ കെ പിള്ള പറിച്ചുനട്ടത്. മൂന്നുനാലു വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെയാണ് ഭാര്യ ശ്യാമയും മകന്‍ ഗിരീഷുമടങ്ങുന്ന കുടുംബം ഈ പരിവര്‍ത്തനത്തെ സ്വീകരിച്ചത്.

അക്കാലത്ത് ചികിത്സയില്ലാത്തതിനാല്‍ ആരോഗ്യപരമായും ഭ്രഷ്ട് കല്പിക്കപ്പെടുന്നതിനാല്‍ സാമൂഹ്യമായും നിഷ്കാസിതരായ കുഷ്ടരോഗികളുടെ ക്ഷേമമായിരുന്നു പിള്ള കണ്ടെത്തിയ പ്രവര്‍ത്തനമേഖല. പരസ്യരംഗത്തെ കരിയറില്‍ വിചാരിച്ചതൊക്കെ നേടി സുഭഗമായ ജീവിതസൗഭാഗ്യങ്ങളൊക്കെ അനുഭവിച്ച് മുന്നോട്ടു നീങ്ങുന്ന ഒരാള്‍ അതെല്ലാം ഉപേക്ഷിച്ച്, ലളിതജീവിതശൈലിയെ ആശ്ലേഷിച്ചപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും 'വട്ട്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിള്ള ഇതേക്കുറിച്ച് ഓര്‍മ്മിക്കുന്നതിങ്ങനെ: "ഞങ്ങളുടെ കുടുംബത്തെ ഏവരും 'വട്ട് കുടുംബം' എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. എനിക്ക് 'സാമൂഹ്യസേവന വട്ട്', ഭാര്യക്ക് 'ഏവര്‍ക്കും സഹായം ചെയ്യുന്ന' വട്ട്, മകന് 'ക്രിക്കറ്റ്' വട്ട്. ഈ 'വട്ടു'കളെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാനായതിനാല്‍ ഏവര്‍ക്കും മുമ്പില്‍ വിജയികളായി ഇന്നു തങ്ങള്‍ക്കു നില്ക്കാനാവുന്നു. ജീവിതത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെ നിറവേറ്റിയതിന്റെ സംതൃപ്തിയിലാണ് ഞങ്ങള്‍."

മുംബൈയിലെ ഗോരെഗാവിലുള്ള ബംഗൂര്‍ നഗറിലെ വസതിയില്‍ എആര്‍കെ പിള്ള സംതൃപ്തമനസ്സുമായി ഇന്നും 82 ം വയസ്സിലും കര്‍മ്മനിരതനാണ്. അദ്ദേഹം തന്നെ സ്ഥാപകനായ ഇന്ത്യന്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്റെ (മുമ്പ് ഇന്ത്യന്‍ ലെപ്രസി ഫൗണ്ടേഷന്‍) അമരക്കാരനായി അദ്ദേഹം ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലും കുഷ്ഠരോഗം ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള ഗൗരവപ്രശ്നമായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ളത് ഇന്ത്യയിലായിരുന്നു. നൂറ്റാണ്ടന്ത്യത്തോടെ കുഷ്ഠരോഗം നിര്‍മാര്‍ജ്ജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഇന്ധിരാഗാന്ധി ഇരുപതിനപരിപാടിയില്‍ പ്രഖ്യാപിച്ചു. കുഷ്ഠരോഗികള്‍ വീട്ടിനു പുറത്താക്കപ്പെടുന്ന അക്കാലത്ത് ഇതിന്റെ സാമ്യൂഹ്യതലത്തെക്കുറിച്ച് പിള്ള ഗവേഷണം നടത്തി. കുഷ്ഠരോഗത്തിനെതിരായ യുദ്ധത്തില്‍ ചേരാന്‍ തന്റെ മാനേജമെന്റ് വൈദഗ്ദ്ധ്വും മാധ്യമങ്ങളുമായുള്ള ബന്ധങ്ങളും എഴുതാനും ഉന്നതരുമായി കമ്മ്യൂണിക്കേഷന്‍ നടത്താനുമുള്ള കഴിവും രോഗികളോടും ദരിദ്രരോടുമുള്ള തന്റെ സഹാനുഭൂതിയും ഉപയോഗപ്പെടുത്താന്‍ പിള്ള തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയില്‍ കുഷ്ഠരോഗികള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജര്‍മ്മന്‍ ലെപ്രസി റിലീഫ് അസോസിയേഷന്റെ (ജിഎല്‍ആര്‍എ) ഹോണററി പിആര്‍ അഡ്‌വൈസര്‍ പദവി പിള്ള സ്വീകരിച്ചു. പിന്നീട് എമ്മോസ് സ്വിസ് ലെപ്രസി റിലീഫ് വര്‍ക്ക് എന്ന് സംഘടനയുടെയും ഇതേ തരത്തിലുള്ള ജോലിയും കൈവന്നു.

ഇന്ത്യയില്‍ കുഷ്ഠരോഗനിവാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജിഎല്‍ആര്‍എയുടെ തലവനും ജര്‍മ്മനിയിലെ പ്രമുഖപത്രം വോള്‍ക്സ്ബ്ലാറ്റിന്റെ ചീഫ് എഡിറ്ററുമായിരുന്ന ഹെര്‍മ്മന്‍ കോബറുമായി പിള്ള നല്ല ബന്ധം സ്ഥാപിച്ചു. കോബര്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണെന്ന് പിള്ള പറയുന്നു. ജര്‍മ്മന്‍ പട്ടാളക്കാരനായിരുന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യന്‍ തടവുകാരനായി പിടിക്കപ്പെടുകയും സൈബീരിയയില്‍ പീഡനക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയശേഷം പത്രപ്രവര്‍ത്തകനാവുകയും ചെയ്തു. എത്യോപ്യയിലെ സന്ദര്‍ശനത്തിനിടെയാണ് കുഷ്ഠരോഗികളുടെ കഷ്ടതകള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളോടൊത്ത് സ്ഥാപിച്ചതാണ് ജിഎല്‍ആര്‍എ. അദ്ദേഹവുമായുള്ള അടുപ്പവും ജര്‍മ്മനിയില്‍ നടത്തിയ സന്ദര്‍ശനങ്ങളും ഒരു കോര്‍പ്പറേറ്റ് മാനേജമെന്റ് വൈദഗ്ദ്ധ്യത്തോടെ എന്‍ജിഒ സ്ഥാപനം നടത്തുന്നതിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു.

ഇന്ത്യയില്‍ 'സ്വയം പര്യാപ്തതയുള്ള' ഒരു എന്‍ജിഒ സ്ഥാപിക്കണമെന്നുള്ള തീരുമാനം തുടര്‍ന്നുണ്ടായതാണ്. വിദേശസഹായമോ ഇന്ത്യന്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായമോ സ്വീകരിക്കില്ലെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ഓണ്‍ ലെപ്രസിയില്‍ എആര്‍കെ പിള്ള പ്രത്യേക ക്ഷണിതാവായി നിയമിക്കപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ആചാര്യ വിനോബ ഭാവെ, ലീല മൂല്‍ഗാവോകര്‍, ഡോ. ആര്‍ എച് തങ്കരാജ് തുടങ്ങിയ പ്രമുഖരുമായി ഇടപെടാന്‍ ഇത് സൗകര്യമൊരുക്കി.

ഇന്ത്യന്‍ ലെപ്രസി ഫൗണ്ടേഷന്‍ എന്ന സ്വയം പര്യാപ്ത സന്നദ്ധസംഘടന രൂപീകരിക്കാനുളള തീരുമാനത്തെ ഇന്ദിരാഗാന്ധിയും പ്രശംസിച്ചിരുന്നു. 1984ല്‍ സംഘടന രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുഷ്ഠരോഗനിവാരണപ്രവര്‍ത്തനങ്ങളിലും കുഷ്ഠരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിലും രോഗികള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ലെപ്രസി ഫൗണ്ടേഷന്‍ നടത്തിയത്.

മുംബൈയില്‍ ദാദറില്‍ ആരോരുമില്ലാതെ വന്നിറങ്ങിയ 1947 നവംബര്‍ 23ലെ രാത്രിയില്‍ പാതയോരത്തെ കുഷ്ഠരോഗി ഒരു കപ്പ് ചായ പങ്കുവെച്ച കാര്യം എആര്‍കെ പിള്ള ഓര്‍ക്കാറുണ്ട്. തലചായ്ക്കാന്‍ ഇടമോ ഭക്ഷണത്തിനായുള്ള പണമോ ഇല്ലാത്ത തങ്ങള്‍ രണ്ടു പേരും ഒരുപോലെ യാചകരാണോ എന്നു തോന്നിപ്പിച്ച നിമിഷം. ജീവതം പിന്നീട് കുഷ്ഠരോഗികള്‍ക്കായി സമര്‍പ്പിക്കപെടുമെന്ന് അന്ന് സ്വപ്നേപി കരുതിയിരുന്നില്ല.

1928 ജൂണ്‍ രണ്ടിനാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ കണ്ടിയൂര്‍ ഗ്രാമത്തില്‍ എആര്‍കെ പിള്ള ജനിച്ചത്. പേര് രാമകൃഷ്ണന്‍. അച്ചന്‍ ചൊക്കലിംഗം അനന്തന്‍ പിള്ള. അമ്മ ഭഗവതി അമ്മാള്‍. മുത്തച്ചന്‍ ചൊക്കലിംഗം പിള്ള അന്നത്തെ കൊല്ലം ജില്ലയില്‍ ജില്ലാ, സെഷന്‍സ് ജഡ്ജിയായിരുന്നു. മെച്ചപ്പെട്ട സാമ്പത്തികനിലയിലായിരുന്ന കുടുംബത്തിന്റെ സ്ഥിതി എആര്‍കെയുടെ ബാല്യകാലമാവുമ്പോള്‍ കുറഞ്ഞിരുന്നു.

കണ്ടിയൂര്‍ പ്രൈമറി സ്കൂള്‍, മറ്റം സെക്കണ്ടറി സ്കൂള്‍, മാവേലിക്കരയില്‍ ബിഷപ് ഹോഡ്ജസ് ഇംഗ്ലീഷ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു. വിദ്യാഭ്യാസം. എസ്എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ ദിവസം സുഹൃത്തായ പ്രഭാകരനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പ്രഭാകരന്‍ പിന്നോക്കജാതിക്കാരനായതിനാല്‍ എആര്‍കെക്കും സുഹൃത്തിനും അമ്മായിമാരില്‍നിന്ന് വടികൊണ്ട് തല്ലുകിട്ടി. ഇതില്‍ മനം നൊന്ത് എആര്‍കെ വീടുവിട്ടിറങ്ങിപ്പോയി.

പിന്നീട് തിരുവനന്തപുരത്ത് അകന്ന ബന്ധുക്കളോടൊപ്പമായി താമസം. ചെറിയ ചെറിയ ജോലികള്‍ ചെയ്തതോടൊപ്പം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്ന് പഠിച്ചു. തുടര്‍ന്ന് ഒരു ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറി. രണ്ടാഴ്ച കറങ്ങിനടന്നെങ്കിലും ജോലി തരപ്പെട്ടില്ല. കൂടുതല്‍ ജോലി സാധ്യതകള്‍ മുംബൈയിലാണെന്ന് കണ്ട് അവിടേക്ക് വണ്ടി കയറി.

ഏറെ കഷ്ടതകള്‍ക്കുശേഷം 1948 ഫെബ്രുവരി 14ന് പിള്ളയ്ക്ക് ഇന്ത്യന്‍ റെയില്‍വെയില്‍ എക്കൗണ്ട്സ് സെക്ഷനില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചു. വകുപ്പുതല പരീക്ഷകളില്‍ വിജയിച്ച് ഉദ്യോഗക്കയറ്റങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നു. ഐഎ‌എസ് എഴുതാനുള്ള അവസരം ഡിഗ്രി ഇല്ലാത്തതിനാല്‍ നഷ്ടമായതിന്റെ വെളിച്ചത്തില്‍ പുണെ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദൂരപഠനത്തിലൂടെ ബിഎ ഡിഗ്രി എടുത്തു. തുടര്‍ന്ന് ഗവര്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി.

ഇതിനിടെ ശ്യാമയുമായി 1955 ഒക്ടോബറില്‍ വൈക്കത്തുവെച്ച് വിവാഹം കഴിഞ്ഞിരുന്നു. 1961 ആഗസ്റ്റ് 8ന് മകന്‍ ഗിരീഷ് പിറന്നു. റെയില്‍വെ ജോലിയില്‍ നിന്നും കരിയര്‍ മാറ്റം ചിന്തിച്ചിരുന്ന സമയത്താണ് രാജേന്ദ്ര പ്രസാദ് കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്ന് അഡ്‌വര്‍ടൈസിങ്ങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ പിജി ഡിഗ്രി എടുക്കുന്നത്. ഈ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടനാശില്പികളിലൊരാളായ കുലപതി ഡോ. കെ എം മുന്‍ഷിയുമായി അടുത്തിടപെട്ടു. പിന്നീട് ജര്‍ണലിസം ആന്റ് ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദവും നേടിയെടുത്തു.

റെയില്‍വെ ജോലി ഉപേക്ഷിച്ച ശേഷം പിള്ള ക്ലാരിയോണ്‍ മെക്കന്‍ എന്ന പരസ്യകമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഡല്‍ഹിയിലും ഈ കമ്പനിയുടെ സഹോദരസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു. കഴിവും വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് വാതായനങ്ങള്‍ എവിടെയും തുറക്കപ്പെടുമെന്നതാണ് വിദ്യാഭ്യാസത്തില്‍ ജൈത്രയാത്ര നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.

ആവേശത്തോടെ ജീവിതവിജയങ്ങള്‍ ഗോവണിപ്പടികള്‍ കണക്കെ കയറിപ്പോകുന്ന വേളയിലാണ് വിജയങ്ങള്‍ക്കപ്പുറമുള്ള ശ്യൂന്യതയെക്കുറിച്ച് ചിന്തിച്ചത്. ജീവിതം കണ്ടെത്തുന്നതിനിടെ മറന്നുപോയ സാമൂഹ്യസേവനത്വര ഉള്ളിലെ 'ദൈവരാജ്യത്തിന്റെ വിളി'യാല്‍ ശക്തമാവാന്‍ തുടങ്ങി. പൂര്‍ണ്ണ സമര്‍പ്പണത്തോടെയാണ് അദ്ദേഹം സാമൂഹ്യസേവനരംഗത്തേക്ക് കടന്നത്.

ഇന്ന് എന്‍ജിഒ രംഗത്ത് എആര്‍കെ പിള്ള ഒരു ദീപസ്തംഭമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആദിവാസിവികസനം, കമ്മ്യൂണിറ്റി വികസനം, ആരോഗ്യപ്രവര്‍ത്തനങ്ങള്‍, യുവജനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിദേശത്തുള്ള സംഘടനകള്‍ വരെ അദ്ദേഹത്തെ പ്രത്യേകചടങ്ങുകള്‍ക്കായി ക്ഷണിക്കുന്നു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നു. ഏവര്‍ക്കും പ്രചോദനമായി അദ്ദേഹം നിലകൊള്ളൂന്നു.

*** *** ***
ഡോ എആര്‍കെ പിള്ളയെ തേടിവന്ന അംഗീകാരങ്ങള്‍:
1. Scroll of Honor from HE Valerian Cardinal Gracias
2. Award of Excellence from Govt of Maharashtra
3. Excellence in tribal work from Deputy Chief Minister of Maharashtra
4. Appreciation from Mother Teresa
5. Diploma of Honour from International Association of Education for World Peace
6. Diploma of Honor, Institute of International Affairs, Paris
7. Award of Excellence - Indian Association of Leprologists
8. Millennium Award - World Congress of Medicina Alternativa 2000
9. Albert Schweitzer Award - Albert Schweitzer Society, Vienna
10. Apostolic Blessing - Gree Orthodox Patriarch of Jerusalem
11. Lifetime Achievement Award from Bharat Sevak Samaj
12. Gandhian Award, Hind Kusht Nivaran Sangh (Tamil Nadu), presented by Governor of TN
13. Dr Radhakrishna Award, Avantika Foundation
14. Shri Mannath Acharya Award - Life Time Achievement Award
15. Kaikhushroo Ardeshir Master Award for Public Service
16. Honour at VGKK Silver Jubilee - Dr. APJ Abdull Kalam
17. Special Invitation to the Dr. M S Swaminathan Leprosy Committee
18. Invited as peaker by the Vatican for XVI International Conference - Nov 2001
19. Special Audiences Holy Father, Pope John Paul II
20. Special Audences by Sri Sri Ravi Shankar, founder, the Art of Living Foundation
21. Special invitation to meet PM Shree Atal Behari Vajpayee, PM Dr. Manmohan Singh, President Dr. APJ Abdull Kalam and
--- --- and many more..

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications