Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

സാബു ഡാനിയേൽ - നേതൃപാടവത്തിന്റെ മുംബൈ മുഖം

A M Divakaran

ഒരാളുടെ സുഖത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ദു:ഖത്തില്‍ പങ്കുചേരണമെന്ന ചിന്താഗതി വെച്ചു പുലര്‍ത്തുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തനം അന്വര്‍ത്ഥമാകുന്നത്. ഈ ഒരു ചിന്താഗതി ജീവിതത്തിലുടനീളം കൊണ്ടു നടക്കുന്നതിനാലാണ് സാബു ഡാനിയേല്‍ എന്ന് പൊതു പ്രവര്‍ത്തകന്‍ ജനപ്രിയനാകുന്നത്. ജനസേവ ദൈവസേവയാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും താനൊരു സാമൂഹ്യപ്രവര്‍ത്തകനല്ലെന്നും സാമൂഹ്യപ്രവര്‍ത്തകനാകാന്‍ ശ്രമിക്കുകയാണെന്നും എളിമയോടെ പറയാന്‍ കഴിയുന്ന സാബു ഡാനിയേലിന്റെ താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനശൈലിയാണ് മറ്റു പൊതുപ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മന്ത്രിമാരുടെ പിറകെ നടന്ന് സ്ഥാനമാനങ്ങള്‍ നേടുകയും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ കടലാസ്സില്‍ മാത്രം ഒതുക്കുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ താല്‍ക്കാലികമാണ്. എന്നാല്‍ തഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് മുന്നോട്ട് പോയാല്‍ എന്നെന്നും ജനപിന്തുണയുണ്ടാകും. തുടര്‍ച്ചയായി നാലംതവണയും നവിമുംബയ് മുനിസിപ്പല്‍ കോര്‍പ്പറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സാബു ഡാനിയേല്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠമാണിത്.

ആലപ്പുഴ ജില്ലയിലെ നൂറനാട് എടപ്പോണ്‍ ഗ്രാമത്തില്‍ ഡാനിയേല്‍ ഏലിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനായി 1966ല്‍ ജനിച്ച സാബു ഡാനിയേല്‍ എടപ്പോണ്‍ സ്ക്കുളില്‍നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞ് പന്തളം എന്‍.എസ്സ്.എസ്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസ്സായ ശേഷം വിദേശത്തേക്ക് പോകാനുള്ള മോഹവുമായി 1983 ലാണ് മുംബൈയിലെത്തുന്നത്. മനസ്സു നിറയെ വിദേശമോഹമായിരുന്നുവെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. ബാട്ലിബോയി ചാര്‍ട്ടേട് അക്കൗണ്ടന്റ് കമ്പനിയില്‍ ടാക്സ് അസിസ്റ്റന്റായി ജോലിക്കുചേര്‍ന്നു. ജോലിക്കിടയില്‍ പഠനം തുടര്‍ന്ന സാബു പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി. നാട്ടില്‍ അക്കൗണ്ട്സില്‍ നേടിയ ഡിപ്ലോമ മുംബൈയില്‍ വിവിധ കമ്പിനികളില്‍ ടാക്സ് അക്കൗണ്ടസ് മേഖലകളില്‍ ജോലി ചെയ്യാന്‍ സാബുവിന് ഏറെ സഹായകമായി. സുരേഷ് പ്രഭു ആന്റ് കമ്പനി, ഇ .എ പാട്ടീല്‍ ആന്റ് കമ്പനി എന്നീ സ്ഥാപനങ്ങളില്‍ ടാക്സ് അസിസ്റ്റന്റായി ജോലി ചെയ്യവെ ശക്തമായ ഒരു സാമൂഹ്യ ബന്ധം ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞത് സാബുവിന്റെ പ്രവാസജീവിതത്തില്‍ ഒരു വഴിത്തിരിവായി. "ദാരിദ്ര്യമെന്തന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശ വിവേകമുള്ളു" എന്ന കവിവാക്യം സാബുവിന്റെ ജീവിതത്തെ സംബന്ധിച്ചടത്തോളം അക്ഷരം പ്രതി ശരിയാണ്. മുംബൈയില്‍ എത്തിപ്പെട്ട ആദ്യ നാളുകളില്‍ അനുഭവിക്കേണ്ടിവന്ന പട്ടിണി അന്യരുടെ കഷ്ടതയെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാബുവിന് പ്രചോദനമായി.

ഇ. എ. പാട്ടീല്‍ കമ്പനിയില്‍ ജോലിചെയ്യവെ ഡി.ആര്‍ പാട്ടീല്‍ നവിമുംബൈയില്‍ സര്‍പഞ്ചായിരിക്കുന്ന കാലത്ത് 1989 ലാണ് പൊതുരംഗത്തേക്കുള്ള സാബു ഡനിയേലിന്റെ കന്നിപ്രവേശം. നാം ഭഗത്തിന്റെ കീഴില്‍ യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1997ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറിയായി പിന്നീട് കോണ്‍ഗ്രസ്സിന്റെ മഹാരാഷ്ട്രാ ന്യൂനപക്ഷ സമിതി ജനറല്‍ സെക്രട്ടറിയായി. 1995ല്‍ ആദ്യമായി കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ നവിമുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ വീണ്ടും കോര്‍പ്പറേറ്ററായ സാബുവിന് മൂന്നാം തവണ വാര്‍ഡ് വനിത സംവരണമായപ്പോള്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍.സി.പി. അംഗമായി കോര്‍പ്പറേഷനിലേക്കു നോമിനേഷന്‍ കിട്ടി. നാലാം തവണ വാര്‍ഡ് ഒ.ബി.സി. സംവരണമായപ്പോള്‍ ജനസ്വാധീനം കണക്കിലെടുത്ത് സാബുവിനെ വീണ്ടും കോര്‍പ്പറേറ്ററായി നോമിനേറ്റ് ചെയ്യുകയായിരുന്നു. 8വര്‍ഷം തുടര്‍ച്ചയായി നവിമുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് വിപ്പ് സ്ഥാനം അലങ്കരിച്ച സാബു ഡാനിയേല്‍ 1998ല്‍ ഏറ്റവും നല്ല കോര്‍പ്പറേറ്ററായും ഏറ്റവും നല്ല സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. കോര്‍പ്പറേറ്ററായിരിക്കെ ലോ കമ്മറ്റി ചെയര്‍മാന്‍ എ വാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനത്തേക്ക് സാബു തെരഞ്ഞെടുക്കപ്പെട്ടത് നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്.

പൊതുപ്രവര്‍ത്തനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തുക്കം കൊടുക്കണമെന്ന ഉറച്ച ചിന്താഗതിയാണ് മാതാ മിഷന്‍ സെന്റര്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കാന്‍ സാബുവിനെ പ്രേരിപ്പിച്ചത് . കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍ദ്ധനര്‍ക്കും, അഗതികള്‍ക്കും എയിഡ്സ് രോഗികള്‍ക്കും സഹായ ഹസ്തം നീട്ടിവരുന്ന മാതാ മിഷന്‍ സൗജന്യ ആബുലന്‍സ് സര്‍വ്വീസും നടത്തിവരുന്നുണ്ട്.

പൊതുരംഗത്ത് സജീവമാകുമ്പോഴും തികഞ്ഞ ഒരു മതേതരവാദിയാകാന്‍ സാബുഡനിയേലിന് കഴിയുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി സി.ബി.ഡി. ബേലാപ്പൂരില്‍ നവരാത്രി ഉല്‍സവവും ഗണേശോത്സവവും നടക്കുന്നത് സാബുവിന്റെ നേതൃത്വത്തിലാണെന്നതുതന്നെ ഇതിനുദാഹരണമാണ്. മഹാരാഷ്ട്രാ മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സി.ബി.ഡി. വൈ എം.സി.എ എക്സിക്യൂട്ടിവ് അംഗം, ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ പാട്രണ്‍ മെമ്പര്‍, കൈരളി സി.ബി.ഡി. വൈസ് പ്രസിഡന്റ്, മാതാ മിഷന്‍ സെന്റര്‍ ചെയര്‍മാന്‍, ആദര്‍ശ മഹിള മണ്ഡല്‍ ഉപദേശകസമിതി അംഗം. എന്‍.സി.പി. തലൂക്ക് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാബുവിന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകരമായി സേവാദളിന്റെ സേവാഭൂഷണ്‍ അവാര്‍ഡ്, ഗ്ലോബല്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ രാഷ്ട്രീയ രത്തന്‍ അവാര്‍ഡ്, തായ്ലന്റ് ആസ്ഥാനമായുള്ള സംഘടനയായ ഇന്‍ഡോ-തായ്യുടെ രാഷ്ട്രീയ ശിരോമണി അവാര്‍ഡ് എന്നിവ ലഭിക്കുകയുണ്ടായി.

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും ഒരു പോലെ ഇടപഴകാനുള്ള കഴിവ് , അറിഞ്ഞ് സഹായിക്കാനുള്ള സന്നദ്ധത, തികഞ്ഞ നേതൃത്വഗുണം, വാക്ചാതുരി എന്നിങ്ങനെ എല്ലാഗുണങ്ങളും ഒത്തുചേര്‍ന്ന് പൊതുരംഗത്ത് ശോഭിക്കുമ്പോഴും കൂടുതല്‍ പേര്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരണമെന്ന ഉറച്ച അഭിപ്രായമാണ് സാബുഡാനിയേലിനുള്ളത്. കൊട്ടാരക്കര സ്വദേശിനി ബിനുവാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സനു, സിനു എന്നിവര്‍ മക്കളാണ് .

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications