Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പൊതു രംഗത്തെ വേറിട്ട വ്യക്തിത്വം ‌- പി വി കെ നമ്പ്യാർ

A M Divakaran

എല്ലാറ്റിനും ഒരു നിയോഗമുണ്ട്. അങ്ങനെയൊരു നിയോഗം തന്നെയാണ് പി.വി.കെ. നമ്പ്യാര്‍ എന്ന വ്യകതിയെ മുംബൈ നഗരത്തിലെ രാഷ്ടീയ, സാമൂഹ്യ,സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമാക്കി മാറ്റിയത്. കുടുംബത്തില്‍ എല്ലാവിധസൗകര്യങ്ങളും ഉണ്ടായിട്ടും മുംബൈ നഗരത്തെ കര്‍മ്മ മേഖലയാക്കാന്‍ കഴിഞ്ഞതും ആ നിയോഗം കൊണ്ടുതന്നെയാണ്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള കൂനം ഗ്രാമത്തില്‍ പടിക്കല്‍ വീട്ടില്‍ ചിണ്ടന്‍ നമ്പ്യാരുടെയും നാരായണിയമ്മയുടെയും മകനായി 1953ല്‍ ജനിച്ച പി.വി.കെ നമ്പ്യാര്‍ക്ക് കുടുംബത്തിന്റെ പേരിലുള്ള വിദ്യാലയത്തില്‍ അധ്യാപകനായി ജോലി ലഭിക്കാൻ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മൂന്നു പെണ്‍മക്കള്‍ക്കിടയിലുള്ള ഏക ആണ്‍തരിയെ ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്സിന് വിട്ട് സ്വന്തം വിദ്യാലയത്തില്‍ അധ്യാപകനാക്കാന്‍ തന്നെയായിരുന്നു ചിണ്ടന്‍ നമ്പ്യാർ ആഗ്രഹിച്ചതും. എന്നാല്‍ കേവലമൊരു അധ്യാപകനായി ഒതുങ്ങികൂടാന്‍ യുവാവായ പി.വി.കെ. നമ്പ്യാരുടെ മനസ്സ് അനുവദിച്ചില്ല. ഈ ഒരു മനസ്സില്ലായ്മ തന്നെയാണ് പി.വി.കെ നമ്പ്യാരെ മുംബൈയിലേക്കു വണ്ടി കയറാന്‍ പ്രേരിപ്പിച്ചതും.

കൂനം പ്രാഥമിക വിദ്യാലയത്തിലും മുത്തേടത്ത് ഹൈസ്ക്കൂളിലുമായി സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നമ്പ്യാര്‍ തളിപ്പറമ്പ് സര്‍സയ്യദ് കോളേജിലെ പ്രഥമ ബാച്ചിന്റെ അഭിമാനവുമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1975 ലാണ് മുംബൈയിലെത്തുന്നത്. അന്ധേരിയില്‍ ഒരു സുഹൃത്തിന്റെ കൂടെ താമസിച്ച് പ്രവാസ ജീവിതത്തിന് തുടക്കമിട്ട നമ്പ്യാര്‍ ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ ചില സ്വകര്യ കമ്പനികളില്‍ ജോലി നോക്കിയ ശേഷം 1981ലാണ് പി.എസ്. ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയേഴ്സ് ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഈ വര്‍ഷം തന്നെ പാന്നുര്‍ ചെണ്ടയാട് സ്വദേശിനി ലളിതയെ ജീവിത സഖിയാക്കി. ഇവര്‍ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥയാണ്.

ചെറുപ്പം മുതല്‍ തന്നെ രാഷ്ട്രീയത്തിലും, പൊതുപ്രവര്‍ത്തനത്തിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന നമ്പ്യാർ 1985 ല്‍ വസായിയിലേക്ക് താമസം മാറിയതോടെയാണ് പൊതു രംഗത്ത് സജീവമാക്കുന്നത്. ബെസ്സീൻ കേരളസമാജവുമായി ബന്ധപ്പെട്ട് സദാ സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ വ്യാപൃതനായ നമ്പ്യാര്‍ 1992ല്‍ കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ വസായ് ഗ്രാമപഞ്ചായത്ത് അംഗമായതോടെയാണ് പൊതു രംഗത്ത് ശ്രദ്ധേയനാകുന്നത്. 2005മുതൽ 2010 വരെ നവഘര്‍ മണിക്പ്പൂര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ വസായ് വികാസ് മണ്ഡലിന്റെ കോര്‍പ്പറേറ്ററായിരുന്ന നമ്പ്യാര്‍ പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കി. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞതും, കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ബോര്‍ഡില്‍ അംഗമായിരിക്കെ നവഘര്‍ മണിക്പ്പൂര്‍ കോര്‍പ്പറേഷന് ശുചിത്വത്തിനുള്ള അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതും അവയില്‍ ചിലതുമാത്രമാണ് . മുംബൈയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന മലയാളി സമാജങ്ങളില്‍ ഒന്നായ ബെസ്സിൻ കേരള സമാജത്തിന്റെ പ്രസിഡന്റായ പി.വി.കെ.നമ്പ്യാര്‍ വസായ് പ്രദേശത്തേ വിദ്യാഭ്യാസ രംഗത്ത് നാഴിക കല്ലായിമാറിയ സമാജം സ്ക്കൂള്‍ കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാർത്ഥ്യം പ്രകടിപ്പിക്കുന്നു. സ്ക്കൂളിനെ ജൂനിയര്‍ കോളേജായി ഉയര്‍ത്താൻ കഴിഞ്ഞതും നമ്പ്യാരുടെ കൂടി ശ്രമഫലമായാണ് .

രാഷ്ട്രീയ രംഗത്ത് സജീവമായിരിക്കുമ്പോഴും ധഹാനു മുതല്‍ മീരാറോഡ് വരേയുള്ള മലയാളി സമാജങ്ങളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷൻ പ്രസിഡണ്ട്, വസായ് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്, ലയണ്‍സ് ക്ലബ്ബ് അംഗം എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. സ്വന്തം ജീവിതത്തില്‍ ഉന്നതിനേടുന്നതോടൊപ്പം സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന ദൃഡനിശ്ചയമാണ് നമ്പ്യാരെ പൊതു പ്രവര്‍ത്തനരംഗത്ത് വ്യത്യസ്തനാക്കുന്നത്. ആകര്‍ഷകമായ പെരുമാറ്റം, വലിപ്പച്ചെറുപ്പമില്ലാതെ ഇടപെഴുകാനുള്ള കഴിവ്, തികഞ്ഞ നേതൃത്വപാടവം എന്നിങ്ങനെ ഒരു പൊതുപ്രവര്‍ത്തകനു വേണ്ടുന്ന എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു വ്യക്തിത്വം എന്നതാണ് നമ്പ്യാരെ പൊതു സമ്മതനാക്കുന്നത്.

ജീവിതത്തില്‍ ഒരു ലക്ഷ്യം വേണമെന്നും ലക്ഷ്യം നേടുന്നതുവരെ പ്രവര്‍ത്തിച്ചാല്‍ പരാജയമുണ്ടാകില്ലെന്നുമുള്ള ജീവിത പാഠമാണ് നമ്പ്യാര്‍ക്ക് ഉയര്‍ത്തിക്കാട്ടാനുള്ളത്. നല്ല ഒരു സാമൂഹ്യപ്രവര്‍ത്തകനെന്നതുപോലെ നല്ലൊരു കുടുംബനാഥനാകാനും നമ്പ്യാര്‍ക്കുകഴിയുന്നു. അതു കൊണ്ടുതന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്‍ബലമേകി കുടുംബം ഒപ്പമുണ്ടെന്നത് നമ്പ്യാര്‍ക്ക് കരുത്തുപകരുന്നു. മകന്‍ വിനോദ് കുമാര്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ സോഫറ്റ് വേയര്‍ എന്‍ജിനീയറാണ്. മകള്‍ വിനീഷ ധനകാര്യ സ്ഥാപനമായ ജെ.പി. മോര്‍ഗനില്‍ ഉദ്യോഗസ്ഥയാണ്. മറുനാട്ടില്‍ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴും നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകതെ സൂക്ഷിക്കാന്‍ നമ്പ്യാര്‍ ശ്രദ്ധിക്കുന്നു.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications