Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

അധ്യാപനരംഗത്ത് സ്വപ്നസാഫല്യവുമായി കാർമൽ ക്ലാസസിന്റെ സാരഥി ഷിബു നായർ

A M Divakaran

എല്ലാവരും നല്ല സ്വപ്‌നങ്ങള്‍ കാണാറുണ്ട്. പക്ഷെ സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ സാക്ഷാത്കരിക്കുക എളുപ്പമുള്ള കാര്യമല്ല. ഇംഗ്ലീഷില്‍ എംഎ ബിരുദവും ബി.എഡ്ഡും കൈമുതലാക്കി 16 വര്‍ഷം മുമ്പ് നാട്ടില്‍നിന്ന് മുംബൈയിലേക്ക് തൊഴിലന്വേഷിച്ച് വണ്ടി കയറിയ ഷിബു നായര്‍ എന്ന ചെറുപ്പക്കാരന്‍ മുംബൈയുടെ വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചത് ഒരു സ്വപ്‌നസാഫല്യത്തിന്റെ കഥയാണ്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത പന്ഥാവ് കാണിച്ചുകൊടുത്ത കാര്‍മല്‍ ക്ലാസസ് എന്ന സ്ഥാപനം മുംബൈയില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ജൈത്രയാത്ര തുടരുമ്പോള്‍ ഷിബു നായര്‍ എന്ന അധ്യാപകന്റെ ദീര്‍ഘദൃഷ്‌ടിയും നിശ്ചയദാര്‍ഢ്യവും പരിശ്രമവുമാണ് നാം തിരിച്ചറിയുന്നത്.

മുംബൈയിലെത്തി ദിവസങ്ങള്‍ക്കകം സെന്റ് തോമസ് ബാപ്‌റ്റിസ്‌റ്റ കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി ജോലി ലഭിച്ചുവെങ്കിലും വെറുമൊരു ലക്ചററായി ഒതുങ്ങിക്കൂടാന്‍ ഷിബു നായരുടെ മനസ്സനുവദിച്ചില്ല. തന്റെ മുന്നില്‍ വിശാലമായ സാമ്രാജ്യമാണ് തുറന്നുകിടക്കുന്നതെന്ന് മനസ്സിലാക്കിയ ഷിബു നായര്‍ താമസിയാതെ ജോലി രാജിവച്ച് ട്യൂഷന്‍ രംഗത്തേക്ക് തിരിയുകയായിരുന്നു. 12 കുട്ടികള്‍ക്ക് ഇംഗ്ലീഷിന് ട്യൂഷന്‍ നല്‍കിക്കൊണ്ടാണ് ഷിബു നായര്‍ കാര്‍മല്‍ ക്‌ളാസസെന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇന്ന് 2400പ്പരം കുട്ടികള്‍ പഠിക്കുന്ന കാര്‍മല്‍ ക്ളാസസ്, ഒരു കേന്ദ്രത്തിൽ മാത്രം പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളിൽ ഏറ്റവും വലുതാണ്.

കുട്ടികള്‍ക്ക് ശിക്ഷ നല്‍കുകയില്ല; മറിച്ച് പഠിക്കാനുള്ള പ്രചോദനം നല്‍കുകയാണ് വേണ്ടതെന്ന അടിസ്ഥാന തത്വത്തിലൂന്നിക്കൊണ്ടാണ് കാര്‍മല്‍ ക്ളാസസ് മുന്നോട്ടു പോകുന്നത്. വസായ് അമ്പാടി റോഡില്‍ സ്വന്തമായുള്ള കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് കാര്‍മല്‍ ക്ളാസസ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ക്ളാസ് മുറികള്‍, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാഠ്യവിഷയങ്ങളുടെ ഓഡിയോ - വീഡിയോ പ്രസന്റേഷനുള്ള സൗകര്യങ്ങള്‍ എന്നിവ കാര്‍മല്‍ ക്ളാസസിന്റെ പ്രത്യേകതകളാണ്. ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ട്യൂഷന്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്‌ക്കുള്ള കോച്ചിംഗ്, വിദേശത്ത് ജോലി ലഭിക്കുന്നതിനായുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ളിഷ് ലാംഗ്വേജ് ടെസ്‌റ്റിംഗ് സിസ്‌റ്റം (IELTS), ഫ്രഞ്ച് എന്നീ കോഴ്‌സുകളാണ് കാര്‍മല്‍ ക്ളാസസ് നടത്തിവരുന്നത്.

റിസള്‍ട്ടിനു മാത്രമല്ല, കരിയര്‍ ഗൈഡന്‍സിനും കാര്‍മല്‍ ക്ളാസസ് ഏറെ പ്രാധാന്യം നല്‍കുന്നു. വിദേശപഠനം, തൊഴില്‍ എന്നിവയ്‌ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിവരുന്നുണ്ട്. ഇതൊക്കെ മുന്‍നിര്‍ത്തി ജര്‍മ്മന്‍ ഗുണനിലവാര സംഘടനയായ TUV NORD ന്റെ ഇന്ത്യന്‍ വിംഗിന്റെ ISO 9001:2008 അംഗീകാരം കാര്‍മല്‍ ക്ളാസസിനു ലഭിക്കുകയുണ്ടായി.

സ്ഥാപനം വളരുമ്പോഴും ഷിബു നായര്‍ സാമൂഹിക പ്രതിബദ്ധത മറക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 123 കുട്ടികള്‍ക്ക് കാര്‍മല്‍ ക്ളാസസ് സൗജന്യമായി പരിശീലനം നല്കിവരുന്നു. നഗരത്തിലെ മറ്റു കോച്ചിംഗ് ക്ളാസുകള്‍ പലയിടങ്ങളിലായി ശാഖകള്‍ തുടങ്ങുമ്പോള്‍ ഷിബു നായര്‍ അതിനു മെനക്കെടുന്നില്ല. ശാഖകള്‍ തുടങ്ങിയാല്‍ ഗുണനിലവാരം നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഷിബു നായരുടെ വിശ്വാസം.

പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതതലങ്ങളില്‍ എത്തി ച്ചേര്‍ന്നിരിക്കുന്നുവെന്നതു തന്നെയാണ് പതിനാറു വര്‍ഷത്തെ അധ്യാപന സപര്യക്കിടയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ലഭിക്കുന്ന ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യമെന്ന് ഷിബു നായര്‍ പറയുന്നു.
ആയിരക്കണക്കിന് ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും വാര്‍ത്തെടുത്ത കാര്‍മല്‍ ക്ളാസസില്‍ പരിശീലനം നേടിയ ആയിരത്തില്‍പ്പരം കുട്ടികള്‍ വിദേശത്ത് ഉന്നത തസ്‌തികകളില്‍ ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം 11 കുട്ടികള്‍ക്ക് എംബിബിഎസിനും 177 കുട്ടികള്‍ക്ക് എഞ്ചിനീയറിംഗിനും പ്രവേശനം ലഭിക്കുകയുണ്ടായി.

1992 - 93 കാലയളവില്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനും രണ്ടു വര്‍ഷം പന്തളം എന്‍.എസ്.എസ് കോളേജ് യൂണിയന്‍ കൗണ്‍സിലറുമായി പ്രവര്‍ത്തിച്ച ഷിബു നായരുടെ നേതൃത്വപാടവംതന്നെയാണ് കാര്‍മ്മല്‍ ക്ളാസസിന്റെ വിജയത്തിനും പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്.

വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിദേശ സര്‍വ്വകലാശാലയുടെ സെന്റര്‍ ആരംഭിക്കാനും സയന്‍സ് വിഷയങ്ങള്‍ക്കായി ഇന്റഗ്രേറ്റഡ് ക്ളാസ് റൂം ആരംഭിക്കാനും കാര്‍മല്‍ ക്ളാസസ് ലക്ഷ്യമിടുന്നുണ്ട്. 2013 ആകുമ്പോഴേക്കും കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള പരിശീലനം, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് കൊച്ചിയില്‍ ആരംഭിക്കുക. കാര്‍മ്മല്‍ ക്ളാസസിന്റെ ഗുണനിലവാരം നഷ്‌ടമാവാതെ ഫ്രാഞ്ചൈസി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷിബു നായര്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ അദ്ധ്യാപക ദമ്പതിമാരായ നാരായണന്‍ നായരുടേയും എംജി ചെല്ലമ്മയുടേയും മകനായി ജനിച്ച ഷിബു നായര്‍ അദ്ധ്യാപന രംഗത്ത് ശോഭിച്ചത് രക്ഷിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ നൈപുണ്യംകൊണ്ടുതന്നെയാണ്.

സ്ഥാപനത്തിന്റെ കണക്കുകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഭാര്യ ഷിജി, ഷിബു നായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകി ഒപ്പമുണ്ട്. നേഹമോള്‍, പ്രണവ് എന്നിവ്രാണ് മക്കള്‍. ഏക സഹോദരി ശൈലജ കേന്ദ്ര ആരോഗ്യവകുപ്പില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരുമായി 120 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് വിലയിരുത്തുന്ന ഷിബു നായര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും വിനയാന്വിതനാണ്.

കാര്‍മ്മല്‍ ക്ളാസസിന്റെ വിലാസം: Vishwakarmma Paradise Phase-1, Ambadi Road, Vasai (W). Phone: 2348726 / 2348726, 2348320. website: www.carmeleducationalgroup.com

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications