Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

പ്രവാസജീവിതവഴിയില്‍ വിജയരഥമേറി ഉപേന്ദ്രനാഥമേനോന്‍

മലയാളികളുടെ പ്രവാസം സാഹിത്യത്തിലും ചരിത്രത്തിലും രേഖപ്പെടുത്തിയ വിജയശ്രീലാളിതരുടെ തിളക്കാമാര്‍ന്ന രേഖാചിത്രങ്ങളിലൊന്ന് ഉപേന്ദ്രനാഥമോനോന്റേതുതന്നയോ എന്നു സംശയിക്കാവുന്നതാണ്. പ്രതാപം തുടര്‍ന്നുകൊണ്ടുപോകുവാനായി സാഹസപ്പെടുന്ന വള്ളുവനാടന്‍ നായര്‍ കുടുംബം, പഠനമികവുകൊണ്ട് സാമ്പത്തികഞെരുക്കത്തെ അതിജീവിച്ച് നേടിയ വിലപ്പെട്ട വിദ്യാഭ്യാസം, "മറുനാട്ടില്‍ പോയി രക്ഷപ്പെടൂ" എന്ന കാലഘട്ടത്തിന്റെ ഉള്‍വിളിയില്‍ ചില്ലറനാണയങ്ങള്‍ മാത്രം കീശയിലിട്ട് തീവണ്ടി കയറിയുള്ള മഹാനഗരത്തിലേക്കുള്ള പലായനം, അവസരങ്ങളുടെ മിന്നലാട്ടങ്ങളില്‍ കയറിപ്പിടിച്ച് കഷ്ടതകളിലും അധ്വാനവിയര്‍പ്പിലും വെട്ടിപ്പിടിച്ച പുതിയ അകാശവും പുതിയ ഭൂമിയും - നേടിയതൊക്കെ സ്വന്തം. സമ്പന്നരുടെ ക്ലബ്ബില്‍ നേതൃപദവികള്‍, മക്കള്‍ ഉന്നതപദവികളില്‍, താമസിക്കാന്‍ വില്ല, കൂടെ ആത്മീയവിശ്രാന്തിയ്ക്കായി സ്വന്തം നാടിന്റെ സംസ്കാരത്തെയും ദൈവത്തെയും പ്രവാസമണ്ണിലും ആനയിക്കുന്നതിനുള്ള ആത്മാര്‍ത്ഥശ്രമങ്ങളും. എം ടിയുടേയോ സി രാധാകൃഷ്ണന്റേയോ ബാലകൃഷ്ണന്റേയോ നോവലുകളില്‍ അല്ലെങ്കില്‍ പ്രവാസചരിത്രത്തിന്റെ അടരുകളില്‍ തെളിയാവുന്ന ഒരു ചിത്രമാണിത്. ഉപേന്ദ്രനാഥമോനോന്റെ കാര്യത്തില്‍ ഇവയിലൊന്നും തന്നെ തെറ്റല്ല.

ഉപേന്ദ്രനാഥമേനോന്‍ ഇന്ന് ഏറെ സന്തോഷവാനും സംതൃപ്തനുമാണ്. കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങളും നേട്ടങ്ങളും അദ്ദേഹത്തെ കൈവിട്ടുപോയിട്ടില്ല. കാലം തെളിയിച്ച വഴികളില്‍ കരുതലോടെ, ലക്ഷ്യബോധത്തോടെ, കഴിവിന്റെ മുദ്രണങ്ങള്‍ ചാര്‍ത്തി നടന്നു എന്നു അദ്ദേഹം വിശ്വസിക്കുന്നു. വിജയങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്കും ജീവിതം പാഴല്ലെന്നു കരുതുന്നവര്‍ക്കും തന്റെ ജീവിതം മാതൃകാപരമെന്നും അദ്ദേഹം കരുതുന്നു.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് തച്ചമ്പാറയാണ് ഉപേന്ദ്ര കെ മോനോന്റെ സ്വദേശം. 1949 മെയ് 25ല്‍ മാടമ്പ് കളത്തില്‍ ഉണ്ണികൃഷ്ണമേനോന്റെയും കൂടഞ്ചേരി ചേനാമ്പാറ ശിന്നമ്മാളുവമ്മയുടെയും എട്ടുമക്കളിലൊരാളായിട്ടാണ് ജനനം. അച്ഛന്‍ സര്‍ക്കാരുദ്യോഗസ്ഥനും സംസ്കൃതം, സാഹിത്യം, ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയവയില്‍ നിപുണനുമായിരുന്നു. ആഭിജാതകുടുംബവും കര്‍ക്കശക്കാരനായ അച്ഛനും സ്നേഹമയിയായ അമ്മയുമാണ് ബാല്യകൗമാരകാലഘട്ടത്തില്‍ ഉപേന്ദ്രനാഥന്റെ സ്വഭാവരൂപീകരണത്തിന് പശ്ചാത്തലമായത്. പത്താമത്തെ വയസ്സില്‍ ദേശബന്ധു പ്രൈമറി സ്കൂളില്‍ 'പ്രധാനമന്ത്രി'യായി തെരഞ്ഞടുക്കപ്പെട്ടത് പിന്നീടുള്ള പൊതുകാര്യപ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദിയായി. സാധുജനങ്ങളോട് അമ്മ സ്നേഹാനുകമ്പ പ്രകടിപ്പിച്ചിരുന്നതാണ് തന്റെ പൊതുപ്രവര്‍ത്തനത്തിലുടനീളം മാതൃകയും പ്രചോദനവുമെന്ന് അദ്ദേഹം പറയുന്നു. ഏതൊരു ജീവിതാവസ്ഥയെയും സധൈര്യം നേരിടാനുള്ള തന്റേടം അച്ഛനില്‍നിന്ന് പകര്‍ന്നതാവാമെന്നും അദ്ദേഹം കരുതുന്നു. 1970ല്‍ ഒറ്റപ്പാലം എന്‍ എസ് എസ് കോളേജില്‍ നിന്ന് ബിഎസ്‌സി പാസ്സായി.

1972ലാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. അതിനുമുമ്പ് ഉമ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ ഡവലപ്പ്മെന്റ് ഓഫീസറായും ലുപിന്‍ ലബോറട്ടറി ഉല്പന്നങ്ങള്‍ വില്ക്കുന്ന മെഡിക്കല്‍ റപ്രസെന്റേറ്റീവായും ജോലി ചെയ്തു. 'ഉമ'യില്‍ ഏഴരമാസത്തെ ക്വാട്ട വെറും 23 ദിവസംകൊണ്ട് നേടിയെടുത്ത് തന്റെ കരിയറിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്ക് ഉപേന്ദ്രമേനോന്‍ തുടക്കമിട്ടു.

മുംബൈമഹാനഗരം ഉപേന്ദ്രനാഥമേനോനുമുമ്പില്‍ വിപുലമായ കര്‍മ്മപഥം തുറന്നുകൊടുത്തു. സ്കൈലാര്‍ക്ക് ഇന്‍സുലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ 1972ല്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി തുടങ്ങിയ അദ്ദേഹം താമസിയാതെ സെയില്‍സ് മാനേജറായി ഉയര്‍ത്തപ്പെട്ടു. പ്രവര്‍ത്തനമികവുകാരണം 1975 മുതല്‍ 1977 വരെ കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി തിളങ്ങി.

1978 ലാണ് സ്വന്തം കമ്പനിയായ യൂണിവേഴ്‌സല്‍ എഞ്ചിനിയേഴ്‌സ് എന്ന സ്ഥാപനത്തിന് അടിത്തറയിടുന്നത്. ഫാക്ടറികളിലും മറ്റും താപ, ശബ്ദ പ്രസരണം തടയുന്നതായി ഇന്‍സുലേഷന്‍ സ്ഥാപിക്കുന്നതിന് കരാറുകളെടുക്കുന്ന കമ്പനിയായിരുന്നു ഇത്. 1999 ല്‍ ഇത് ഉപേന്ദ്ര തേം ഇന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പരിവര്‍ത്തിക്കപ്പെട്ടു. അന്നുമുതല്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണ്. കരിയറിനിടയില്‍തന്നെ മാര്‍ക്കറ്റിങ്ങ് മാനേജ്മെന്റിലും കംമ്പ്യൂട്ടര്‍ സയന്‍സിലും ഡിപ്ലോമയും ഊര്‍ജ്ജസംരക്ഷണവിഷയത്തില്‍ ബിരുദാനന്തര എഞ്ചിനീയറിങ് ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു.

ഇന്ത്യയിലെ പ്രധാന വ്യാവസായിക, നാവിക, എണ്ണ കമ്പനികള്‍ ഉപേന്ദ്ര തേം ഇന്നിന് കരാറുകള്‍ കൊടുത്തു. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ്, മസ്‌ഗാവ് ഡോക്ക് ലിമിറ്റഡ്, മോഡിസ്‌റ്റോണ്‍ ടയേഴ്‌സ്, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, സിംഗപ്പൂരിലെ എന്‍പിസിസി തുടങ്ങിയവ ചിലതുമാത്രമാണ്. ഗുണമേന്മയില്‍ നിഷ്ഠയുള്ള ഉപേന്ദ്രനാഥമേനോന്റെ സ്ഥാപനത്തിന് ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷനുണ്ട്.

വ്യവസായിയെന്ന നിലയിലുള്ള തിരക്കുകള്‍ പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായില്ല. 1985ല്‍ കല്‍വയിലേക്ക് മാറിയപ്പോള്‍ താമസമാക്കിയ ഗുണസാഗറിലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ചീഫ് പ്രൊമോട്ടറും തുടര്‍ന്ന് ചെയര്‍മാനും സെക്രട്ടറിയുമായിത്തീര്‍ന്നു. 1988ല്‍ രൂപംകൊണ്ട കല്‍വ കൈരളി സമാജിന്റെ സ്ഥാപകപ്രസിഡണ്ടായി. അഞ്ചുവര്‍ഷം ഇതേ സ്ഥാനത്ത് തുടര്‍ന്നതിനിടെ സമാജ് നടത്തിയ ബഹുവിധ പരിപാടികളിലേക്ക് രാഷ്ട്രീയ, സാംസ്കാരിക, ഉദ്യോഗസ്ഥനായകര്‍ പലരും അണിനിരന്നു. രണ്ടുവര്‍ഷത്തിനിടെ സമാജിന് 750 ചതുരശ്ര അടിയില്‍ സ്വന്തമായി ഓഫീസ് സ്ഥാപിച്ചു.

കഠിനാധ്വാനത്തിലൂടെ വിജയം കണ്ട മറ്റൊരു യജ്ഞമായിരുന്നു കല്‍വയിലെ വിഷ്ണുമഹേശ്വര ധര്‍മ്മശാസ്താ ക്ഷേത്രനിര്‍മ്മാണത്തില്‍ കണ്ടത്. 1995ല്‍ കല്‍വയിലെ ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ഈ ക്ഷേത്രനിര്‍മ്മാണത്തിനായുള്ള അക്ഷീണപ്രയത്നം ആരംഭിച്ചു. കല്‍വയില്‍ രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിനും ശിവാജി ഹോസ്പിറ്റലിനും സമീപമുള്ള കാര്‍ക്കര്‍'സ് ഗ്യാസ് കോമ്പൗണ്ടിലെ നദിക്കരയിലെ ചതുപ്പുനിലം മനോഹരമായ 'ദൈവത്തിന്റെ പൂങ്കാവന'മായി മാറുകയായിരുന്നു. ഗണേശ, ദേവീ ഉപപ്രതിഷ്ഠകള്‍ കൂടിയുള്ള ഈ ക്ഷേത്രം, ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടിന്റെ താന്ത്രികത്വത്തിലുള്ള മികച്ച വാസ്തു, ക്ഷേത്ര ശില്പങ്ങളിലൊന്നാണ്. 2003 ഏപ്രിലില്‍ നടന്ന പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കു ശേഷം ജന്മദൗത്യങ്ങളിലൊന്ന് പൂര്‍ത്തീകരിച്ച നിറവില്‍ ഉപേന്ദ്രനാഥമേനോന്‍ ഭക്തസംഘത്തിന്റെ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു.

1996 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹത്തെ മഹാരാഷ്ട്രസര്‍ക്കാര്‍ സ്പെഷല്‍ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. 2002 മുതല്‍ 2009 വരെ ഠാണെയിലെ മലയാളിസംഘടനകളുടെ പൊതുവേദിയായ ഓള്‍ ഠാണെ മലയാളി അസോസിയേഷന്റെ (ആത്മ) പ്രസിഡണ്ട്, 'ഐ ലവ് ഠാണെ'യുടെ ചെയര്‍മാന്‍ (2002), കേരളീയ കേന്ദ്രസംഘടനയുടെ ഠാണെ മേഖല ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും മേനോന്‍ വഹിക്കുകയുണ്ടായി.

ഉപേന്ദ്രമേനോന്റെ തിളക്കമാര്‍ന്ന മറ്റൊരു കര്‍മ്മമണ്ഡലമായിരുന്നു ശ്രീ നാന ചുദാസാമ തുടക്കം കുറിച്ച അന്താരാഷ്ട്ര സേവന സംഘടനയായ ജായന്റ്സ് ഇന്റര്‍നാഷണല്‍. 1982 ല്‍ ജായന്റ്സ് ഗ്രൂപ്പ് ഓഫ് ഡോംബിവ്‌ലിയില്‍ ചേര്‍ന്ന അദ്ദേഹം 1984ല്‍ അതിന്റെ വൈസ് പ്രസിഡണ്ടായി. അടുത്തവര്‍ഷം കല്‍വയിലേക്ക് താമസം മാറിയതിനെ തുടര്‍ന്ന് ജായന്റ്‌സ് ഗ്രൂപ്പ് കല്‍വയുടെ പ്രസിഡണ്ടായി. രണ്ടു വര്‍ഷം അതേ സ്ഥാനത്തുതുടര്‍ന്ന അദ്ദേഹം 'ബെസ്റ്റ് പ്രസിഡണ്ടാ'യി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ഫെഡറേഷന്‍ 1 Bയുടെ സ്ഥാപകപ്രസിഡണ്ടായ അദ്ദേഹത്തിന് 'ഔട്ട്‌സ്റ്റാന്‍ഡിങ് ഫെഡറേഷന്‍ പ്രസിഡണ്ട് ' എന്ന ബഹുമതിയും ലഭിച്ചു. സംഘടനയ്‌ക്കുള്ളില്‍ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിച്ച അദ്ദേഹത്തിന്, ലാത്തൂര്‍ ഭൂകമ്പബാധിതര്‍ക്കായി മൂന്നു ലോറി ഭക്ഷണപദാര്‍ത്ഥങ്ങളും 8 ഡോക്ടര്‍മാരുടെ മെഡിക്കല്‍ സംഘത്തെയും അയച്ചതുപോലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ ഇന്നും ചാരിതാര്‍ത്ഥ്യം നല്കുന്നു.

ഗ്ലോബല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ രാഷ്ട്രീയ രത്തന്‍ അവാര്‍ഡ്, ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹൗസില്‍വെച്ച് പഞ്ചാബ് ഗവര്‍ണ്ണര്‍ നല്കിയ 'പ്രൈഡ് ഓഫ് ഇന്ത്യ 2005' അവാര്‍ഡ്, ലോക് കല്യാണ്‍ മലയാളി അസോസിയേഷന്റെ 'മറുനാടന്‍ മഹാ പ്രതിഭ പുരസ്കാര്‍' തുടങ്ങിയവ ഉപേന്ദ്രമേനോനെ തേടിവന്ന അംഗീകാരങ്ങളാണ്.

മുംബൈയിലെ മലയാളികൂട്ടായ്മകള്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ വേണ്ടത്ര ദിശാബോധം ഉണ്ടായിരുന്നില്ലെന്നു ഉപേന്ദ്രനാഥമേനോന്‍ കരുതുന്നു. ഇതിലേക്കായി കാര്യമായൊന്നും ചെയ്യാനായില്ലെന്നതും അദ്ദേഹത്തിന്റെ ഖേദമാണ്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇക്കാര്യത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും മുംബൈമലയാളി.കോമിന്റെ പ്രവര്‍ത്തനം ഇതിന് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ ഡിഫന്‍സ് എക്കൗണ്ട്‌സില്‍ (നേവി) ഗസറ്റഡ് ഓഫീസര്‍ പദവിയുള്ള എക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലിരിക്കെ സ്വയം വിരമിച്ച എം എസ്‌സി ബിരുദധാരി വത്സല മേനോനാണ് ഭാര്യ. സ്വപ്നയും ശില്പയും മക്കള്‍. മെര്‍ച്ചന്റെ നേവിയില്‍ മറൈന്‍ ഇന്‍സ്‌പെക്ഷന്‍ എഞ്ചിനീയറായ വിമലാണ് സ്വപനയുടെ ഭര്‍ത്താവ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഇളയമകള്‍ ശില്പ സെനിത്ത് കമ്പ്യൂട്ടേഴ്‌സില്‍ ജോലി ചെയ്യുന്നു. ഠാണെയിലെ സവര്‍ക്കര്‍ മാര്‍ഗില്‍ സാകേത് ടവറില്‍ 'സ്വപ്ന ശില്പ്' കോര്‍ട്ട് യാര്‍ഡ് വില്ലയിലാണ് സകുടുംബം താമസം.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications