Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

ലളിതജീവിതത്തിന്റെയും ഉന്നതചിന്തയുടേയും സമന്വയം – ഡോ. കെ.കെ.ദാമോദരന്‍

A M Divakaran

ലളിതമായ ജീവിതവും മഹത്തായ ചിന്തയും - ഗുരുദേവ ദര്‍ശനത്തിന്റെ ഈ അന്തസ്സത്തയുടെ സാക്ഷാത്കാരമാണ് ഡോ. കെ.കെ. ദാമോദരന്‍ എന്ന പ്രതിഭാശാലിയുടെ ജീവിതം. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ മുദ്രാവാക്യങ്ങളായി ഉദ്ഘോഷിക്കുന്ന മലയാളിക്കു മുന്നില്‍ ഡോ.ദാമോദരന്‍ ഒരു വിസ്മയമാകുന്നു.

ഭാരതത്തിന്റെ ആണവഗവേഷണകേന്ദ്രത്തിലെ ഉയർന്ന സ്ഥാനമാനങ്ങളും ശ്രീനാരായണമന്ദിരസമിതിയുടെ നിസ്വാർത്ഥപ്രവർത്തനങ്ങളും മാതൃകാപരമായ കുടുംബജീവിതവും ചേരുന്ന ഡോ. ദാമോദരന്റെ സമഗ്രചിത്രത്തിൽ, ആർ. ശങ്കർ എന്ന ധിഷണാശാലിയായ നേതാവിന്റെയും ഹോമി ജഹാംഗീർ ബാബ എന്ന മഹാനായ ശാസ്ത്രജ്ഞന്റെയും വിരൽപ്പാടുകളുണ്ട്. എസ്.എൻ. കോളേജിൽ നിന്ന് ബി.എ.ആർ.സി വരെ അനവരതം നീളുന്ന പ്രയത്നപാഠങ്ങളുണ്ട്. ശ്രീനാരായണഗുരുവിന്റെ ആദർശാത്മകജീവിതം പ്രകാശം പരത്തുന്ന വഴിത്താരയിലൂടെ, അനന്യസാധാരണമായ ഒരു ജീവിതത്തെ ഡോ. ദാമോദരൻ സാക്ഷാത്കരിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ തിരുവല്ലയിൽ കടപ്രമന്നാർ എന്ന ചെറിയ ഗ്രാമത്തിൽ വി.കെ. രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി 1921 ഒക്ടോ:31ന് ആയിരുന്നു ദാമോദരന്റെ ജനനം. ചെറുപ്പത്തിൽ തന്നെ ദീർഘദർശിയായ ഒരു ജ്യോതിഷി ദാമോദരന്റെ ജാതകം ഗണിച്ച് അതിശോഭനമായ ഭാവി പ്രവചിച്ചിരുന്നു. ഏഴാം വയസ്സിലാണ് ദാമോദരന്റെ പഠനം ആരംഭിക്കുന്നത്. മേഴശ്ശേരി എൽ.പി. സ്കൂളിൽ നാലാം ക്ലാസുവരെ പഠിച്ചു. തുടർന്ന് അഞ്ചുമുതൽ ഏഴാം ക്ലാസുവരെ നിരണം സെന്റ് മേരീസ് സ്കൂളിൽ പഠനം. എട്ടാം ക്ലാസുമുതൽ പത്താം ക്ലാസുവരെ മന്നാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.പഠനത്തിൽ അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്നു ദാമോദരൻ. മെട്രിക്കുലേഷൻ പാസായതോടെ തിരുവിതാംകൂർ മഹാരാജാവിന്റെ സ്കോളർഷിപ്പ് ദാമോദരന് ലഭിച്ചു. അത് ബീസ്.സി പൂർത്തിയാകുന്നതുവരെ തുടർന്നു.

1941ൽ ചങ്ങനാശ്ശേരി സെന്റ് ബർക്മാൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. ഇന്റർമീഡിയറ്റിനു ശേഷം 1943ൽ തിരുവനന്തപുരം സർവ്വകലാശാലയിൽ ബി.എസ്.സി ഫിസിക്സിനു ചേർന്നു. ബിരുദശേഷം, എം.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപകനായി എട്ടുമാസം ജോലിചെയ്തു. തുടർന്ന് മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ബി.എസ്.സി. ഓണേഴ്സിനു ചേർന്നു. തൃശ്ശിനാപ്പള്ളിയിൽ വെച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖനേതാവും ശ്രീനാരായണധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) നേതാവും ആയ ആർ. ശങ്കർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ദാമോദരന് ലഭിക്കുന്നത്.

ഫിസിക്സിൽ ബിരുദാനന്തരബിരുദത്തിനുശേഷം, ദാമോദരൻ ആർ.ശങ്കറിനെ ചെന്നു കണ്ടു. എസ്.എൻ. കോളേജ് കൊല്ലത്ത് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന് സമയം ആയിരുന്നു അത്. ദാമോദരൻ അവിടെ സീനിയർ ലക്ചറർ ആയി നിയമിക്കപ്പെട്ടു. കൊല്ലം എസ്.എൻ.കോളേജിൽ ആദ്യമായി നിയമിക്കപ്പെട്ട ലക്ചറർ ദാമോദരൻ ആയിരുന്നു. ഒപ്പം ഹോസ്റ്റൽ വാർഡന്റെ ചുമതലയും ദാമോദരന്റെ ശിരസ്സിലായി. പൊതുപ്രവർത്തനങ്ങളിലും സഹായങ്ങളിലും തല്പരനായ ദാമോദരൻ ഫിസിക്സ്, കെമിസ്ടി, മാത്സ് വിദ്യാർത്ഥികൾക്ക് സൌജന്യമായി ട്യൂഷൻ നൽകിയിരുന്നു.

എസ്.എൻ. കോളേജിലെ കർത്തവ്യബദ്ധമായ പ്രവർത്തനങ്ങളെ മാനിച്ച് എസ്.എൻ.ഡി.പി. നേതാക്കൾ ദാമോദരന് ലോൺ സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചു. ദാമോദരന് ന്യൂക്ലിയർ സയനസിൽ ഉപരിപഠനം നടത്താൻ ആഗ്രഹമുണ്ടായിരുന്നു. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ അങ്ങനെ ദാമോദരൻ പി.ച്ച്.ഡി.ക്ക് ചേർന്നു. മദ്രാസ് സർവ്വകലാശാലയുടെ സ്കോളർഷിപ്പും സഹായത്തിനുണ്ടായിരുന്നു. അനതിസാധാരണരായ അദ്ധ്യാപകർക്കു കീഴിലെ ശിക്ഷണം ദാമോദരന്റെ പ്രതിഭാശേഷിയെ കൂടുതൽ പ്രോജ്വലമാക്കി.പി.എച്ച്.ഡിക്ക് ശേഷം റിസർച്ച് ഫെല്ലോ ആയി ബ്രമിംഹാം സർവ്വകലാശാലയിൽ ചേർന്നു.

ബ്രമിംഹാം സർവ്വകലാശാലയിലെ രണ്ടുവർഷത്തിനിടയിലാണ് ഡോ.ദാമോദരന്റെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച മഹദ്വ്യക്തിയെ പരിചയപ്പെടുന്നത്. ആധുനിക ഇന്ത്യയുടെ ആണവദർശനത്തിന്റെ മുഖ്യശിൽപ്പിയായ ഹോമി ജഹാംഗീർ ബാബയെ. അനതിസാധാരണമായ പ്രജ്ഞയും സൂക്ഷ്മമായ ശാസ്ത്രബോധവും സമന്വയിച്ച ബാബയുമായുള്ള കണ്ടുമുട്ടൽ തുടർന്നുള്ള ഡോ.ദാമോദരന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിത്തീർത്തു. ജഹാംഗീർ ബാബ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്കു കീഴിൽ ഡോ.ദാമോദരന്റെ പ്രൊഫസർമാരുടെ സഹഗവേഷകൻ ആയി പ്രവർത്തിക്കുകയായിരുന്നു.

പ്രതിരോധത്തിലൂന്നി വികസിപ്പിക്കപ്പെടേണ്ട ഭാരതത്തിന്റെ ആണവദർശനത്തെപ്പറ്റിയും ആധുനിക ഇന്ത്യയുടെ നിർമ്മിതിയിലെ ആണവശാസ്ത്രത്തിന്റെ പങ്കിനെപ്പറ്റിയും ബാബക്ക് തെളിഞ്ഞ കാഴ്ച്ചപ്പാടുണ്ടായിരുന്നു. തുടർന്ന് ബാബ റിസർച്ച് ഓഫീസർ ആയിരിക്കുമ്പോൾ ബാബക്കു കിഴിൽ പ്രവർത്തിക്കാൻ ദോ.ദാമോദരന് അവസരമൊരുങ്ങി. വലിയ സന്തോഷത്തോടെയാണ് ഡോ.ദാമോദരൻ അതു സ്വീകരിച്ചത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ സാക്ഷാത്കാരവും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചിലതു ചെയ്യുവാനുള്ള ത്വരയും ദാമോദരനെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു.

ഇന്ത്യയിലേക്ക് മടങ്ങിയ ദാമോദരൻ 1956ൽ ട്രോംബെ ആറ്റോമിക് എനർജി എക്സ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ഡോ.ആർ. രാമണ്ണക്കു കീഴിൽ ന്യൂക്ലിയാർ സയൻസ് ഡിവിഷനിൽ ചേർന്നു. 1957 ജഹാംഗീർ ബാബ ട്രോംബെ ആറ്റോമിക് എനർജി ട്രൈനിങ്ങ് സ്കൂളിന് രൂപകൽപ്പന നൽകി. ഡോ. ദാമോദരൻ ആയിരുന്നു ട്രൈനിങ്ങ് സ്കൂൾ കോ-ഓഡിനേഷൻ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചത്. സുസ്ത്യർഹമായ നേതൃപാടവവും കാര്യനിർവ്വഹണശേഷിയും ഒത്തിണങ്ങിയ ഡോദാമോദരന്റെ പ്രവർത്തനങ്ങൾ ട്രൈനിങ്ങ് സ്കൂളിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്നവയാണ്. മുംബൈ ചർച്ച് ഗേറ്റിലെ എക്സ്പ്രസ് ബിൽഡിങ്ങിൽ ആരംഭിച്ച ട്രൈനിങ്ങ് സ്കൂൾ 1967ൽ അണുശക്തിനഗറിലെ സ്ഥിരമായ ബിൽഡിങ്ങിലേക്ക് മാറിയതും, തുടർന്നുണ്ടായ അത്ഭുതകരമായ വികസനവും ഡോ.ദാമോദരന്റെ കയ്യൊപ്പു പതിഞ്ഞ പ്രയത്നങ്ങളുടെ ഫലമാണ്. ബി.എ.ആർ.സിയിലുള്ള ശാസ്ത്രവിദ്യാർത്ഥികളുടെ ഗൈഡും ലോക്കൽ ഗാർഡിയനും ആയി പ്രവർത്തിച്ച ഡോ.ദാമോദരനെ അവർ ബഹുമാനപുരസ്സരം ‘ഗുരു’ എന്നാണ് വിളിച്ചിരുന്നത്. സുദീർഘവും സംതൃപ്തവും തിളക്കമാർന്നതുമായ ഔദ്യോഗികജീവിതത്തിനു ശേഷം 1981ൽ ബി.എ.ആർ.സിയിൽ നിന്ന് ഡോ.ദാമോദരൻ വിരമിച്ചു.

കേരളത്തിന്റെ സാമൂഹികഘടനയെ ഗുണാത്മകമായി തിരുത്തിയെഴുതിയ ശ്രീനാരായണഗുരുവിന്റെ ദർശനസാരം തിരക്കാർന്ന ജീവിതത്തിലും കാത്തു സൂക്ഷിക്കാനായതാണ് ഡോ.ദാമോദരനെ വ്യത്യസ്തനാക്കുന്നത്. ശ്രീനാരായണദർശനങ്ങളുടെ കേരളത്തിനു പുറത്തുള്ള വ്യാപനത്തിൽ സുപ്രധാനമായ പങ്കാണ് ഡോ.ദാമോദരൻ വഹിച്ചത്. 1963 മുതൽ ബോംബെയിൽ ശ്രീനാരായണമന്ദിരസമിതിപ്രവർത്തനങ്ങൾ ആരംഭിച്ച ഡോ.ദാമോദരൻ, വലിയ ഒരു സാമൂഹികസംഘടനയുടെ ബീജാവാപം മുതലുള്ള പ്രവർത്തനങ്ങളെ മുന്നിൽ നിന്നു നയിച്ചു. ശാസ്ത്രീയവും ചിട്ടപ്പെട്ടതുമായ ഡോ.ദാമോദരന്റെ ജീവിതാവബോധം സംഘടനയിലേക്ക് സംക്രമിക്കപ്പെട്ടതിന്റെ പ്രത്യക്ഷോദാഹരണമാണ് ശ്രീനാരായണമന്ദിരസമിതിയുടെ പ്രശംസാർഹമായ വളർച്ച.

ശ്രീനാരായണമന്ദിരസമിതിയുടെ ആരംഭം മുതൽ ഇന്നു വരെയുള്ള പ്രവർത്തനകാലത്തിലുടനീളം അമരക്കാരനായി നിന്ന് നയിച്ച നേതാവാണ് ഡോ.കെ.കെ. ദാമോദരൻ. 1963 മുതൽ നാരായണമന്ദിരസമിതിയുടെ സ്ഥാപകചെയര്‍മാനെന്ന നിലയില്‍ രണ്ടു വര്‍ഷം തുടര്‍ന്ന ഡോ.കെ.കെ.ദാമോദരൻ, പിന്നീട് 1965 മുതൽ 1990 വരെയും ജൂണ്‍ 1991 മുതല്‍ ജൂണ്‍ 1996 വരെയും 1997 മുതൽ 2005 വരെയുമുള്ള ദീർഘകാലം തുടർച്ചയായി സമിതിയുടെ പ്രസിഡണ്ട് ആയിരുന്നു. 2005 മുതല്‍ 2009 വരെ പ്രസിഡണ്ട് എമിററ്റസ് ആയിരുന്നു. 2009 മുതൽ വീണ്ടും പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ദാമോദരൻ, ഇപ്പോഴും മന്ദിരസമിതിയുടെ അഭിമാനമായി നേതൃസ്ഥാനമായ പ്രസിഡണ്ട് പദവിയിൽ തുടരുന്നു.

ജന്തുശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിണിയായ സരസ്വതിയുമായുള്ള ഡോ.ദാമോദരന്റെ വിവാഹം 1959ൽ ആണ് നടക്കുന്നത്. തിരക്കുകൾ നിറഞ്ഞ ഔദ്യോഗിക- സാമൂഹ്യജീവിതത്തിൽ നിമഗ്നനായിരുന്ന ഡോ.ദാമോദരനൊപ്പം കുടുംബത്തിന്റെ ചുമതലകളേറ്റെടുത്ത സരസ്വതി, എന്നും ഡോ.ദാമോദരന്റെ ഉറച്ച ശക്തിയായി. രണ്ടു മക്കളാണ് ഡോ.ദാമോദരൻ - സരസ്വതി ദമ്പതികൾക്ക് ഉണ്ടായത് – ഡോ. ആഷ, വിനോദ്. ഡോ.ആഷക്ക് രണ്ടു മക്കൾ - വരുൺ രോഹിത്. വിനോദ് അമേരിക്കയിൽ കാലിഫോർണിയയിൽ ജോലിചെയ്യുന്നു നൈൽ, പ്രീതി എന്നീ രണ്ടു കുട്ടികള്‍.

ഡോ.ദാമോദരന്റെ പ്രവർത്തനങ്ങൾ ലോകത്തിന്റെ പല കോണുകളിലും ബഹുമതികൾ കൊണ്ടുവന്നു. 1992ൽ ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്കിൽ വെച്ച് ഡോ.ദാമോദരനെ ആദരിച്ചു. 1994ൽ ലണ്ടൻ ആസ്ഥാനമായ മിഷൻ സെന്റർ ഓഫ് ഈസ്റ്റ് ഹാമിന്റെ ആദരണം. ഓണം – ചതയം ആഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ ‘സാരഥി’ 2001ൽ ഡോ. ദാമോദരനെ ആദരിക്കുകയുണ്ടായി. അബുദാബി വിദ്യ ചാരിറ്റബിൾ ട്രസ്റ്റ്, നിരവധി മലയാളി സംഘടനകൾ എന്നിവയുടെ ആദരം ഡോ. ദാമോദരൻ ഏറ്റുവാങ്ങിയിട്ടുണ്ട്. 1994 ആഗസ്റ്റിൽ ന്യൂയോർക്കിലെ ഹിൽട്ടനിൽ വെച്ച് ശ്രീനാരായണ വേൾഡ് കൌൺസിൽ ഓഫ് ന്യൂയോർക്ക് അവാർഡും,2002ൽ ഡോംപിവലിയിൽ അജീവനാന്തസംഭാവനകൾക്കുള്ള ‘രാഗസുധ’യുടെ പുരസ്കാരവും, 2001ൽ ബാംഗ്ലൂർ ശ്രീനാരായണസമിതി സില്വർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണദർശനങ്ങളുടെ വ്യാപനത്തിൽ ഡോ.ദാമോദരൻ വഹിച്ച പങ്കിനെ മാനിച്ചുകൊണ്ട് നൽകിയ അവാർഡും,2000ൽ ഒ.രാജഗോപാൽ നൽകിയ ‘പത്രാധിപർ കെ.സുകുമാരൻ’ അവാർഡും,2004ൽ ചെമ്പൂർ ശ്രീഹരിഹരപുത്രഭജൻ സമാജ് നൽകിയ അവാർഡും, ബാംഗ്ലൂർ നാരായണസമിതി 2004ൽ ശ്രീനാരയണഗുരുവിന്റെ 150മത്തെ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നൽകിയ പുരസ്കാരവും ഡോ.ദാമോദരന്റെ നിസ്വാർത്ഥപ്രവർത്തനങ്ങൾക്കു ലഭിച്ച പൊൻതൂവലുകളാണ്.

2001 നവംബർ 4ന് ചെമ്പൂരിൽ ശ്രീനാരായണഗുരു സ്കൂൾ കോപ്ലൿസിൽ വെച്ച് ഡോ.ദാമോദരന്റെ എൺപതാം പിറന്നാൾ ആഘോഷം സമുചിതമായി ആഘോഷിക്കപ്പെട്ടു. കേരളത്തിന്റെ സാംസ്കാരികവകുപ്പുമന്ത്രി ജി.കാർത്തികേയൻ മുഖ്യാതിഥിയായി പങ്കെടുത്ത ആഘോഷപരിപാടി അസാധാരണവും വിസ്മയജനകവുമായ ഡോ.ദാമോദരന്റെ ജീവിതവിജയത്തെ പ്രകാശിപ്പിക്കുന്നതായിരുന്നു. ജി. കാർത്തികേയൻ ഗാന്ധിജിയുടെ പ്രസിദ്ധമായ വാചകത്തെ പുനർനിർമ്മിച്ച് ഇപ്രകാരം പറഞ്ഞു: “ഡോ.കെ.കെ.ദാമോദരന്റെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം.”

ആണവശാസ്ത്രത്തിന്റെ ഉന്നതപദവിയിൽ നിന്നു നാരായണദർശനത്തിന്റെ ലളിതജീവിതത്തിലേക്കും, ശ്രീനാരായണമന്ദിരസമിതിയുടെ നിസ്വാർത്ഥപ്രവർത്തനങ്ങളിൽ നിന്നു ആഴമേറിയ പ്രായോഗികജീവിതപാഠങ്ങളിലേക്കും അനുസ്യൂതം തുടരുന്ന ഡോ. ദാമോദരന്റെ ജീവിതം പ്രയോഗമതികളായ വിദ്യാർത്ഥികൾക്ക് എന്നും ഉറവ വറ്റാത്ത പാഠപുസ്തകമാണ്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications