Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

കര്‍മ്മനിരതനായി കെ.എസ്. മേനോന്‍

A M Divakaran

എഴുത്തുകാരന്‍, സംഘാടകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ മുംബൈ നഗരത്തിന്റെ കലാ സാംസ്‌കാരിക, സാഹിത്യ, രാഷ്‌ട്രീയ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു ദശകങ്ങളായി നിറഞ്ഞുനില്‌ക്കുന്ന വ്യക്തിത്വമാണ് ശ്രീമാന്‍ എന്നറിയപ്പെടുന്ന കെ.എസ്. മേനോന്‍.
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ കൃഷ്‌ണന്‍നായരുടേയും കല്യാണി അമ്മയുടേയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായ കെ.എസ്. മേനോന്‍ ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് 1954ലാണ് മുംബൈയിലെത്തുന്നത്. മുംബൈയിലെത്തി ആദ്യത്തെ രണ്ടു വര്‍ഷം ചില്ലറ ജോലികളും അതോടൊപ്പം പഠനവും തുടര്‍ന്നു. ജോലിയോടൊപ്പം പഠനം നടത്തിയ മേനോന്‍ ബി.എ ഡിഗ്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ മാക്കിനോണ്‍ മാക്കന്‍സി ആന്റ് കമ്പനിയില്‍ പ്രവേശിച്ചു.

കലാ സാംസ്ലാരിക, സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരനായിരുന്ന മേനോന്‍, മുംബൈയിലെത്തിയ നാള്‍ മുതല്‍ നഗരത്തിലെ മലയാളി രാഷ്‌ട്രീയ, സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 27 വര്‍ഷം ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്ത മേനോന്‍, ഈ കമ്പനിയിലെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി 1984ല്‍ സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. ജോലി ചെയ്യുമ്പോഴും ബിസിനസ് നടത്തുമ്പോഴും കലാ സാസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മേനോന്‍ സമയം കണ്ടെത്തി. ഉറച്ച ഇടതുപക്ഷചിന്താഗതിക്കാരനായ കെ.എസ്. മേനോന്‍ എ.കെ.ജി, ഇ.എം.എസ്, ഇമ്പിച്ചിവാവ, ഇ.കെ. നായനാര്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, ചാത്തുണ്ണി മാസ്റ്റര്‍, പി. ഗോവിന്ദപ്പിള്ള, സി. കണ്ണന്‍ നായര്‍, അഴീക്കോടന്‍ രാഘവന്‍, എം.വി. രാഘവന്‍ എന്നീ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇവര്‍ക്കു പുറമേ ബി.ടി. രണദിവെ, എസ്.എ. ഡാങ്കെ, അഹല്യ രങ്കനേക്കര്‍, എസ്.വൈ. കോല്‍ഹാല്‍ക്കര്‍, ഡോ. സാവന്ത് എന്നിവരുമായും മേനോന്‍ അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

അറിയപ്പെടുന്ന എഴുത്തുകാരനായ കെ.എസ്. മേനോന്‍ ചെറുകഥകള്‍, ലേഖനങ്ങള്‍, കവിത എന്നിങ്ങനെ നിരവധി സാഹിത്യരചനകള്‍ നടത്തിയിട്ടുണ്ട്. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അക്ഷയ കേരളം ' മാസികയുടെ എഡിറ്ററായി മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ച മേനോന്‍ കാലത്തിന്റെ കാതിലേക്ക്, കാവ്യഭാരതം, സര്‍ഗ്ഗദര്‍ശനം എന്നിങ്ങനെ മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1956ലെ സംയുക്ത മഹാരാഷ്‌ട്രാ പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്ത മേനോന്‍, പ്രക്ഷോഭത്തില്‍ നൂറുപേര്‍ വെടിയേറ്റു മരിച്ച സംഭവത്തെ അടിസ്ഥാനമാക്കി `തിളയ്‌ക്കുന്ന മുംബൈ' എന്ന കവിത രചിച്ചു. മേനോന്റെ ആദ്യത്തെ കവിതയായ ഇത് അന്ന് ജനയുഗത്തിന്റെ ആദ്യപേജില്‍ അച്ചടിച്ചു വന്നു.

1967 മുതല്‍ 1983 വരെ ദേശാഭിമാനിയുടെ മുംബൈ ലേഖകനായിരുന്ന കെ.എസ്. മേനോന്‍ ഒ.എന്‍.വി, എം.ടി, തകഴി, കടമ്മനിട്ട, എരുമേലി പരമേശ്വരന്‍ പിള്ള, കാമ്പിശ്ശേരി കരുണാകരന്‍, ഒ. മാധവന്‍, എസ്.കെ. പൊറ്റക്കാട്, എന്‍.വി. കൃഷ്‌ണവാര്യര്‍, എം.കെ. സാനു, സുകുമാര്‍ അഴീക്കോട് എന്നീ എഴുത്തുകാരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

തൃശൂര്‍ അമല നഗര്‍ സ്വദേശിനി രുഗ്‌മിണിയെ 1965ലാണ് കെ.എസ്. മേനോന്‍ ജീവിതസഖിയാക്കുന്നത്. ചെമ്പൂരിലെ സി.പി.എം പാര്‍ട്ടി ഓഫീസില്‍വച്ച് ഇ.എം.എസാണ് മേനോന്റെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. മുംബൈ മാന്‍ഖുര്‍ദിലെ എസ്.ടി റോഡിലുള്ള ഗോള്‍ഡന്‍ ലോണില്‍ ഭാര്യ രുഗ്‌മിണിയുമൊത്ത് താമസിക്കുന്ന മേനോന്റെ ഏക മകളാണ് പ്രസന്ന. പെരിങ്ങോട്ടുകര സ്വദേശിയും സിവില്‍ എഞ്ചിനീയറുമായ പ്രദീപാണ് മരുമകന്‍. രണ്ടു പേരമക്കളുണ്ട്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications