Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

വേറിട്ട പാത തെളിച്ച് ലയണ്‍ കുമാരന്‍ നായര്‍

അഞ്ചു പതിറ്റാണ്ടു കാലമായി മുംബൈയിലെ സാമൂഹിക, സാംസ്കാരിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ലയണ്‍ കുമാരന്‍ നായര്‍. മറ്റു മലയാളികളെപ്പോലെ ഉപജീവനാര്‍ത്ഥം മുംബൈലെത്തിയതാണ് ഇദ്ദേഹവും. എന്നാല്‍ താന്‍ വളരുന്നതോടൊപ്പം തന്റെ സമൂഹത്തിന്റെ വളര്‍ച്ചയിലും സജീവ പങ്കാളിയായെന്നതാണ് കുമാരന്‍ നായരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ആഢ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെ, ഘനഗംഭീരമായ ശബ്ദത്തിലൂടെ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഒരു കാരണവന്റെ സ്ഥാനത്തുനിന്ന് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമ്പോള്‍ അവര്‍ അത് ശിരസ്സാ വഹിക്കുന്നത് കുമാരന്‍ നായര്‍ മുംബൈ മലയാളികള്‍ക്കുവേണ്ടി നടത്തിയ നിസ്വാര്‍ത്ഥമായ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മഹത്വം ഒന്നുകൊണ്ട് മാത്രമാണ്.

ജീവിത വിജയം നേടിയ ബിസിനസുകാരനാണ് കുമാരന്‍ നായര്‍. എന്നാല്‍ പൊതുരംഗം ഇദ്ദേഹത്തെ വിലയിരുത്തുന്നത് ഒരു ബിസിനസുകാരനായല്ല. മറിച്ച് കറകളഞ്ഞ പൊതുസമ്മതനായ ഒരു നേതാവായാണ്. വാക്കു മാത്രം പോരാ പ്രവൃത്തിയും വേണമെന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുമാരന്‍ നായര്‍ കൈവയ്‌ക്കാത്ത സാമൂഹ്യപ്രവര്‍ത്തന മേഖലയില്ലെന്നു പറയാം. രാഷ്ട്രീയമായാലും ക്ഷേത്രകാര്യങ്ങളായാലും മലയാളി സമാജങ്ങളായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും അവിടെയെല്ലാം കുമാരന്‍ നായരുടെ സജീവ സാന്നിധ്യമുണ്ട്. മുംബൈയിലെ മിക്ക മലയാളി സംഘടനകളുടെയും വളര്‍ച്ചയില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇദ്ദേഹത്തിന്റെ സഹായഹസ്തം ഉണ്ടായിട്ടുണ്ടെന്നു പറയുന്നത് അതിശയോക്തിയാവില്ല.

മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗമായ കുമാരന്‍ നായര്‍ 1982 മുതല്‍ വടക്കു കിഴക്കന്‍ മുംബൈ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിലൂടെ രാഷ്‌ട്രീയ രംഗത്ത് തന്റെ സജീവ സാന്നിധ്യം അറിയിക്കുന്നു.

ഭാണ്ഡൂപ്പ് കേരളീയ സമാജം, കോസ്മോസ് ഇംഗ്ലീഷ് സ്‌കൂള്‍, വിദ്യാധിരാജാ ഹൈസ്‌കൂള്‍, ഭാണ്ഡൂപ്പ് വി.കെ. കൃഷ്ണമേനോന്‍ കോളേജ്, ചെമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.ഇ.എസ്, ശ്രീനാരായണഗുരു കോളേജ്, സ്കൂള്‍, വിദ്യാബെന്‍ ഗാന്ധി ഹൈസ്‌കൂള്‍, താനെ ഡബ്ല്യു,ഇ,ഇ.എസ് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി പദവി അലങ്കരിക്കുന്നതിലൂടെ മുംബൈയുടെ വിദ്യാഭ്യാസ മേഖലയിലും കുമാരന്‍ നായര്‍ നിറഞ്ഞുനില്‍ക്കുന്നു.

മുളുണ്ട് കേരള സമാജം, ബോംബെ കേരളീയ സമാജം, കേന്ദ്രീയ നായര്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും കുമാരന്‍ നായര്‍ സജീവമാണ്.

രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോഴും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കായി കുമാരന്‍ നായര്‍ ഏറെ സമയം കണ്ടെത്തുന്നു. ശ്രീനഗര്‍ അയ്യപ്പക്ഷേത്രം, ഐരോളി അയ്യപ്പക്ഷേത്രം, പവായ് അയ്യപ്പക്ഷേത്രം, കല്‍വ വിഷ്ണു-അയ്യപ്പക്ഷേത്രം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ കുമാരന്‍ നായരുടെ സാന്നിദ്ധ്യം എന്നുമുണ്ടെന്നത് ആദ്ധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ താത്‌പര്യം വിളിച്ചോതുന്നു.

1980 മുതല്‍ ലയണ്‍സ് ക്ലബ്ബിന്റെ വിവിധ പദവികളിരുന്നുവന്നിരുന്ന കുമാരന്‍ നായര്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ മെല്‍വിന്‍ ജോണ്‍ ഫെലോഷിപ്പ് ലഭിക്കുന്നതോടെയാണ് ലയണ്‍ കുമാരന് നായ്രായി മാറുന്നത്.

എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍തലമുറക്കാരായ അറപ്പുര വിളാകം വീട്ടില്‍ വേലായുധന്‍ പിള്ളയുടെയും കമലാക്ഷിയമ്മയുടെയും പത്നൊന്നു മക്കളില്‍ പത്താമനായി തിരുവനന്തപുരത്തെ ചെമ്പഴന്തി ഗ്രാമത്തില്‍ 1940 ല്‍ ജനിച്ച കുമാരന്‍ നായര്‍ മെട്രിക്കുലേഷനു ശേഷം ഒരു വര്‍ഷം കേരള സര്‍ക്കാരിന്റെ ടെക്-നിക്കല്‍ കോഴ്‌സായ കെജിടി പഠിച്ച് 1960ലാണ് മുംബൈയിലെത്തുന്നത്. നാട്ടുകാരനായ ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള ബോംബെ ടയേഴ്‌സില്‍ ചെറിയ ജോലിക്കാരനായി മുംബൈ ജീവിതം തുടങ്ങിയ കുമാരന്‍ നായര്‍ ടയര്‍ മേഖലയിലെ അനുഭവസമ്പത്തു വച്ച് സ്വന്തമായി ബിസിനസ് തുടങ്ങി പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ക്വാളിറ്റി ടയേഴ്‌സ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി ക്രമേണ ഇതിന്റെ പ്രവര്‍ത്തനം മുളുണ്ട്, താനെ, ഘാട്കോപ്പര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. താനെ എം ഐ ഡി സിയില്‍ ടയര്‍ റീട്രെഡിംഗ് ഫാക്ടറിയും ആരംഭിച്ചു. മീനാക്ഷി ഫിഷറീസ് എന്ന പേരില്‍ ഏതാനും വര്‍ഷങ്ങള്‍ കയറ്റുമതി ബിസിനസ് ചെയ്ത കുമാരന്‍ നായര്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലും സജീവമാണ്. തിരുവനന്തപുരത്ത് സില്‍വര്‍ സാന്‍ഡ് എന്ന പേരില്‍ ഹോട്ടലും കുമാരന്‍ നായരുടെ പേരിലുണ്ട്.

1970ല്‍ സോമലതയെ ജീവിതസഖിയാക്കി. മൂത്ത മകന്‍ അജിത്ത് 16-ം വയസില്‍ ദുരൂഹമായി മരണപ്പെട്ടത് ഇന്നും ഹൃദയനൊമ്പരമായി കൊണ്ടുനടക്കുന്നു. രണ്ടാമത്തെ മകന്‍ അജയ് കെ. നായര്‍ ടയര്‍ ബിസിനസും തിരുവനന്തപുരത്തെ ഹോട്ടലും നോക്കിനടത്തുന്നു. മകള്‍ അരുണ ജി. വര്‍മ്മ ദുബായില്‍ ഡോക്ടറാണ്.

നിശ്ചയദാര്‍ഢ്യവും ശുഭാപ്തിവിശ്വാസവും അല്‍പ്പം ഭാഗ്യവുമുണ്ടെങ്കില്‍ ആര്‍ക്കും ജീവിതവിജയം കൈവരിക്കാമെന്ന് ഉറച്ചുവിശ്വസിക്കുന്ന കുമാരന്‍ നായര്‍ പ്രായം മറന്ന് ഇന്നും ഓടിനടക്കുന്നത് ആ നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെയാണ്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications